എറണാകുളം: മാറാട് കേസന്വേഷണത്തിനായി എസ്.പി സി.എം പ്രദീപ് കുമാറിനെ മടക്കിക്കൊണ്ടുവരാനാകില്ലെന്ന് സര്‍ക്കാര്‍.  ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്  ഇക്കാര്യം അറിയിച്ചത്.

അന്വേഷണചുമതല പി.എ വത്സന് നല്‍കിയതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഡി.ജി.പി യാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രദീപ് കുമാറിനെ മാറ്റിയതില്‍ ദുരൂഹതയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാറാട് രണ്ടാം കലാപത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അനിശ്ചിതത്തിലായിരിക്കെയാണ് ക്രൈംബ്രാഞ്ച് എസ്.പി  സി.എം. പ്രദീപ്കുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എസ്.പിയായി സ്ഥലം മാറ്റിയത്. മാറാട് കമീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ  അന്ന് ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു.

ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആറിലുള്ള ലീഗ് പ്രമുഖര്‍, ബി.ജെ.പിയിലെ അഭിഭാഷകന്‍, ഒരു സര്‍ക്കാര്‍ ഡോക്ടര്‍, മാറാട് ഭൂമി വാങ്ങിക്കൂട്ടിയവര്‍  തുടങ്ങി ഏതാനും പേരെ അടിയന്തരമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇവര്‍ക്കെതിരെ ചില സുപ്രധാന തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. അതിനിടയിലായിരുന്നു എസ്.പിയുടെ സ്ഥലം മാറ്റം
.
മാറാട് കേസന്വേഷണച്ചുമതലയില്‍ നിന്നും സി.എം. പ്രദീപ്കുമാറിനെ മാറ്റിയ സാഹചര്യത്തില്‍ അദ്ദേഹം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലേക്ക് പോവാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച് പോലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ പ്രദീപ് കുമാര്‍ അപേക്ഷ നല്‍കിയിരുന്നു.

മാറാട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് എതിര് നില്‍ക്കുന്നത് ലീഗാണെന്നും പ്രചരണമുണ്ടായിരുന്നു.

Malayalam News

Kerala News In English