കോഴിക്കോട് മാറാട് ഒന്നാം കലാപവുമായി ബന്ധപ്പെട്ട് തെക്കെപ്പുറത്ത് അബൂബക്കറിനെ കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടു. 15 പേരാണ് കേസിലെ പ്രതികള്‍. എട്ടാം പ്രതി കോതന്റകത്ത് സുമേഷിനെയാണ് വെറുതെ വിട്ടത്. മാറാട് പ്രത്യേക കോടതി ജഡ്ജ് പ്രസന്നകുമാരിയുടെതാണ് വിധി. പ്രതികള്‍ക്കുള്ള ശിക്ഷ മറ്റെന്നാള്‍ പ്രഖ്യാപിക്കും.

അതേസമയം കേസിലെ പ്രധാന പ്രതികളായ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ടി സുരേഷ്, അരയസമാജം മുന്‍ പ്രസിഡന്റ് തെക്കെത്തൊടി ശ്രീധരന്‍ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് കൊലക്കുറ്റം തെളിയിക്കാനായില്ല. ഒമ്പതു പേര്‍ക്കെതിരെ മാത്രമാണ് ഐ പി സി 302 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തെളിയിക്കപ്പെട്ടത്.

കോതന്റകത്ത് വിഭീഷ് (34), തെക്കെത്തൊടി ഷാജി (36), ചോയിച്ചന്റകത്ത് രഞ്ജിത്ത് (35), കേലപ്പന്റകത്ത് സജീവന്‍ (34), ആവത്താംപുരയില്‍ വിജേഷ് (32), തെക്കെത്തൊടി പ്രഹ്‌ളാദന്‍ (36), കേലപ്പന്റകത്ത് രാജേഷ് (35), ഈച്ചരന്റെ പുരയില്‍ ശശി (43), അരയച്ചന്റകത്ത് മണികണ്ഠന്‍ (34) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ തെളിയിക്കപ്പെട്ടത്.

ഒന്നാം പ്രതിയും അരയസമാജം മുന്‍ പ്രസിഡന്റുമായ മാറാട് തെക്കെത്തൊടി ശ്രീധരന്‍ (50), രണ്ടാം പ്രതിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ ടി സുരേഷ് (54), ആറാം പ്രതി ചോയിച്ചന്റകത്ത് കൃഷ്ണകുമാര്‍ (30), 13-ാം പ്രതി ചെറിയപുരയില്‍ വിനോദ് (27), 15-ാം പ്രതി തെക്കെത്തൊടി വിജിത്ത് (30) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ഒഴികെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം തെളിയിക്കപ്പെട്ടത്.

ഐ.പി.സി 302, 143, 148, 326 വകുപ്പുകള്‍ പ്രകാരമാണ് ഒമ്പതു പേര്‍ക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടത്. 12-ാം പ്രതി ശശിക്കെതിരെ ആയുധ നിരോധന നിയമപ്രകാരമുള്ള കുറ്റവും തെളിയിക്കപ്പെട്ടിട്ടുണ്ട്. 2002 ജനുവരി നാലിന് രാവിലെയാണ് തെക്കെപ്പുറത്ത് അബൂബക്കര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യൂനുസ്, കുഞ്ഞിക്കോയ എന്നിവര്‍ക്ക് ഖബര്‍ ഒരുക്കാന്‍ പോകുന്നതിനിടെ മാറാട് വലിയ പള്ളിക്കടുത്തുവച്ച് അബൂബക്കറിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 55 സാക്ഷികളും 25 തൊണ്ടികളും 40 രേഖകളും കോടതി പരിഗണിച്ചു.