കോഴിക്കോട് : മാറാട് ഒന്നാം കലാപവുമായി ബന്ധപ്പെട്ട് തെക്കേപുരക്കല്‍ അബൂബക്കര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 9 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷയും 28, 000 രൂപ വീതം പിഴയും വിധിച്ചു. 14 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി ജഡ്ജി കെ പി പ്രസന്നകുമാരി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

ഒന്നാം പ്രതിയും അരയസമാജം മുന്‍ പ്രസിഡന്റുമായ മാറാട് തെക്കെത്തൊടി ശ്രീധരന് മൂന്ന് വര്‍ഷം തടവാണ് കോടതി വിധിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയും രണ്ടാം പ്രതിയുമായ ടി സുരേഷ് ഉള്‍പ്പെടയുള്ള മറ്റ് നാല് പ്രതികള്‍ക്ക് 5 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. എട്ടാം പ്രതി കോതന്റകത്ത് സുമേഷിനെ കോടതി വെറുതെ വിട്ടിരുന്നു.

Subscribe Us:

2002 ജനുവരി നാലിന് രാവിലെ ഒന്നാം മാറാട് കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂനിസ് എന്നിവരുടെ കബറടക്കത്തിന് പോകവെ മാറാട് വലിയ പള്ളിക്കടുത്ത് വച്ച് അബൂബക്കറിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.