mar-varki-viyhayathil കൊച്ചി: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലംചെയ്തു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പാണ്. സി.ബി.സി.ഐ. മുന്‍ അധ്യക്ഷനാണ്.

കുറച്ച് കാലമായി ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടെ ഹൃദവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe Us:

മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന യേശുദേവന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വര്‍ക്കി വിതയത്തില്‍. സഭ പലപ്പോഴും ഇത്തരം മാനവിക മൂല്യങ്ങളില്‍ നിന്ന് അകന്ന് പോകുമ്പോള്‍ അതിനെ തിരുത്താന്‍ അദ്ദേഹം മുന്നോട്ട് വന്നു.

ഇടതുപക്ഷത്തോടും ബി.ജെ.പിയോട് പോലും സംവാദാത്മകമായ ബന്ധം സൂക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പലപ്പോഴും ഇടതുപക്ഷ കാഴ്ചപ്പാട് സൂക്ഷിച്ചയാളെന്ന വിമര്‍ശനം പോലും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു.

കേരളത്തിലെ വിവിധങ്ങളായ ക്രൈസ്തവ സഭകളെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു.

1927 മെയ് 29 ന് ജസ്റ്റീസ് ജോസഫ് വിതയത്തിലിന്റെയും ത്രേസ്യാമ്മയുടെയും മകനായി എറണാകുളത്തെ വടക്കന്‍ പറവൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വടക്കന്‍ പറവൂരിലായിരുന്നു. 1954 ജൂണ്‍ 12ന് വൈദിക പട്ടം സ്വീകരിച്ചു. റിഡംടറിസ്റ്റ് സന്യാസി സമൂഹത്തിലെ അംഗമായ അദ്ദേഹം 1997ല്‍ മെത്രാഭിഷേകനായി. മാര്‍ ആന്റണി പടിയറ കാലം ചെയ്തതിനെ തുടര്‍ന്നാണ് എറണാകുളം അതിരൂപതയുടെയും സീറോ മലബാര്‍ സഭയുടെയും അധ്യക്ഷ പദവിയിലേക്ക് മാര്‍ വിതയത്തില്‍ നിയോഗിക്കപ്പെട്ടത്.

2001 ഫെബ്രുവരി 11 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ മാര്‍ വിതയത്തിലിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അദ്ദേഹം പൊതുസമ്മതനെന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു.