കൊച്ചി: വിശ്വാസികള്‍ക്ക് മാത്രം വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. വോട്ട് ആര്‍ക്കെന്ന് ജനങ്ങള്‍ തീരുമാനിക്കണം. വിശ്വാസികള്‍ക്ക് മാത്രം വോട്ട് ചെയ്യണമെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികള്‍ക്ക് മാത്രമേ വോട്ട് ചെയ്യാവൂവെന്ന് കത്തോലിക്കാ സഭാ നേതൃത്വം ഇടയലേഖനത്തിലൂടെ വ്യക്തമാക്കിയ കാര്യം ചോദിച്ചപ്പോള്‍ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നാണ് വര്‍ക്കി വിതയത്തില്‍ വ്യക്തമാക്കിയത്.

വിശ്വാസികള്‍ക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താവൂവെന്ന സഭയുടെ ഇടയലേഖനം കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. മതം രാഷ്ട്രീയത്തിലിടപെടുന്നതിനെതിരെ സി.പി.ഐ.എം ശക്തമായി രംഗത്ത് വരികയും അതിനെ എതിര്‍ത്തും അനുകൂലിച്ചും പ്രസ്താവനകള്‍ വരികയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മും സഭയും തമ്മില്‍ എതിര്‍ ചേരിയില്‍ നിലയുറപ്പിച്ചിരിക്കെയാണ് സഭയുടെ നിലപാടിന് വിരുദ്ധമായി മുതിര്‍ന്ന പുരോഹിതന്‍ തന്നെ രംഗത്തെത്തിയത്.