വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാളായി സ്ഥാനമേറ്റു. മാര്‍ ആലഞ്ചേരിക്കൊപ്പം 21 പേര്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയില്‍ നിന്നും കര്‍ദിനാള്‍ പദിവി സ്വീകരിച്ചു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിലാണ് ചടങ്ങുകള്‍ നടന്നത്.

പുതിയ 22 കര്‍ദിനാള്‍മാര്‍ക്ക് സ്ഥാനികദേവാലയം നിശ്ചയിച്ചു കൊടുത്ത ശേഷം കര്‍ദിനാള്‍ സ്ഥാനത്തിന്റെ അടയാളമായ ചുവന്ന തൊപ്പിയും മോതിരവും അണിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് മാര്‍പാപ്പ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മറ്റ് പുതിയ കര്‍ദിനാള്‍മാര്‍ക്കുമൊപ്പം വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സമൂഹബലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് അദ്ദേഹം വിശുദ്ധ അനസ്താസിയായുടെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കും.

ഇന്ത്യയില്‍ നിന്നുള്ള 16ാമത്തെയും കേരളത്തില്‍ നിന്നുള്ള നാലാമത്തെയും ആളാണ് കര്‍ദിനാള്‍ പദവിയിലെത്തുന്ന 67 കാരനായ മാര്‍ ജോര്‍ജ് ആലഞ്ചേരി. 1945 ഏപ്രില്‍ 19 ന് ഫിലിപ്പോസിന്റെയും മേരിയുടെയും മകനായി ചങ്ങനാശ്ശേരിയിലാണ് ജോര്‍ജ് ആലഞ്ചേരി ജനിച്ചത്. 1972ലാണ് പുരോഹിത പട്ടം സ്വീകരിച്ചത്.

Malayalam News

Kerala News In English