Categories

കടല്‍ക്കൊല: താന്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കൊച്ചി: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ടുപേര്‍ മരിക്കാനുണ്ടായ സംഭവത്തില്‍ താന്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.

മത്സ്യത്തൊഴിലാളികളുടെ വേദന തന്റേതുകൂടിയാണെന്നും തന്റെ പ്രസ്താവനകള്‍ പലതു ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട ശേഷം റോമില്‍ നിന്ന് തിരികെയെത്തിയ ഇദ്ദേഹം നെടുമ്പാശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിയായ ഫിഡസിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളായിരുന്നു വിവാദത്തിലായത്.

ഇറ്റലിക്കെതിരെ സംസ്ഥാനം തിരിക്കിട്ട് നടപടിയെടുക്കരുതെന്ന് കര്‍ദ്ദിനാള്‍ അഭിമുഖത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നത്തില്‍ സമാധാനപരമായ പരിഹാരം കാണണം. സംഭവത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കേരളത്തിലെ കത്തോലിക്ക മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിനെയും ആലഞ്ചേരി പിതാവ് വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷം മുതലെടുപ്പിന് ശ്രമിയ്ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഇറ്റാലിയന്‍ സൈനികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത് ഗൗരവതരവും ദുഃഖകരവുമായ കാര്യമാണ്. അതു രണ്ടു രാജ്യങ്ങളും സമാധാനപരമായി പറഞ്ഞുതീര്‍ക്കണം. പാശ്ചാത്യശക്തികളെന്നും അമേരിക്കന്‍ ആധിപത്യമെന്നുമൊക്കെപ്പറഞ്ഞ് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്ന് തോന്നുന്നു. പ്രശ്‌നം സമാധാനപരമായി പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക ലക്‌സിയില്‍ നിന്ന് പ്രധാന തെളിവുകള്‍ കാണാതായി. കപ്പലില്‍ സംഭാഷണങ്ങള്‍ രേഖപ്പെടുത്തിയ വി.ഡി.ആര്‍ രേഖകളാണ് കാണാതായത്. മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

ക്യാപ്റ്റന്റെ സംഭാഷണങ്ങളും സന്ദേശങ്ങളും റെക്കോര്‍ഡ് ചെയ്ത് വെയ്ക്കുന്ന സംവിധാനമാണ് വി.ഡി.ആര്‍ രേഖകള്‍. എയര്‍ ക്രാഫ്റ്റുകളില്‍ ബ്ലാക്ക് ബോക്‌സ് പോലെ കപ്പലുകളില്‍ ഇവയ്ക്ക്് നിര്‍ണായക രേഖയായി പ്രവര്‍ത്തിക്കാനാവും. ഈ രേഖകളാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സമയത്തുള്ള രേഖകളാണ് കാണാതായത്. ഇന്ത്യയ്‌ക്കെതിരെ ഇറ്റലി ശക്തമായ വിമര്‍ശനവുമായി രംഗത്ത് എത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ കണ്ടെത്തല്‍. കേരളാപോലീസ് ഇതുവരെ ഈ വീഡിയോ രേഖകളെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നതും വിവാദമാകുന്നു.

Malayalam news

Kerala news in English

3 Responses to “കടല്‍ക്കൊല: താന്‍ തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി”

  1. Anil Kumar

    ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയല്ലോ? ഇനി ഇന്ത്യയെ പൊക്കി പറയാം. മുന്‍പ് പറഞ്ഞത് മാറ്റിപ്പറയാം. അതാണല്ലോ അച്ചന്മാരുടെ ഒരു സ്റ്റൈല്‍ ?

  2. ശുംഭന്‍

    മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത് സമാധാന പരമായി പറഞ്ഞു തീര്‍ക്കണം എന്നാണു ഇദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് സമാധാന പരമായി പറഞ്ഞു തീര്‍ക്കാവുന്ന കാര്യമൊന്നുമല്ല. അക്രമം ചെയ്തവരെ കഠിനമായി ശിക്ഷിക്കുക തന്നെ വേണം. ഇറ്റലിക്കാരെ എങ്ങനെ രക്ഷപ്പെടുത്താം എന്ന ചിന്ത കര്‍ദ്ദിനാള്‍ ഇനിയെങ്കിലും ഉപേക്ഷിച്ചേക്കൂ.

  3. thampi

    നാണം ഇല്ലാത്തവന്‍ , സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കും , കര്‍ദിനാള്‍ പദവി കിട്ടിയതിന്റെ നന്ദി,

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.