കൊല്ലം: ഇറ്റാലിയന്‍ ഉപവിദേശകാര്യസഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തുരയുടെ രഹസ്യ സന്ദര്‍ശനത്തിനു പിന്നില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഇടപെടലെന്ന് സൂചന. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് സര്‍ക്കാരിനോ പോലീസിനോ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. സന്ദര്‍ശനത്തിന്റെ ആസൂത്രണം പള്ളി നേരിട്ടുനടത്തിയതാണെന്ന് വിലയിരുത്തല്‍.

നാവികരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയെന്നതായിരുന്നു ഇറ്റാലിയന്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. ജലസ്റ്റിന്റെ വീട് സന്ദര്‍ശിക്കാന്‍ വഴിയൊരൂക്കണമെന്ന് കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമര്‍, ഫാ. റജിസണിന് നിര്‍ദേശം നല്‍കിയിരുന്നു. ഇറ്റാലിയന്‍ മന്ത്രിയും സംഘവും കേരളത്തിലെത്തുന്നതിന് മുമ്പ് കേന്ദ്രമന്ത്രി കെ.വി തോമസ് ജലസ്റ്റിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതെല്ലാം കര്‍ദിനാളിന്റെ ഇടപെടലിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കഴിഞ്ഞ ദിവസം അനൗദ്യോഗികവും അതീവരഹസ്യവുമായാണ് സ്‌റ്റെഫാന്‍ ഡി മിസ്തുര കൊല്ലത്തെത്തിയത്. കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ കോടതി നടപടികള്‍ തുടരുന്നതിനിടെയാണ് ഒത്തുതീര്‍പ്പ് ലക്ഷ്യമിട്ട് ഇറ്റാലിയന്‍ സംഘം കൊല്ലത്ത് രഹസ്യമായെത്തി സ്വകാര്യഹോട്ടലില്‍ തമ്പടിച്ചത്.
എന്നാല്‍ വെടിയേറ്റു മരിച്ച ജലസ്റ്റിന്റെ കുടുംബത്തെ കാണാനുള്ള മിസ്തുരയുടെ ശ്രമം വിജയംകണ്ടില്ല. ഇറ്റാലിയന്‍ സംഘത്തിന്റെ രഹസ്യസന്ദര്‍ശനം ചില ചാനലുകള്‍ വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. ഇതോടെ വീട് സന്ദര്‍ശിക്കാനുള്ള തീരുമാനം മന്ത്രി ഉപേക്ഷിക്കുകയായിരുന്നു.

പോലീസിനെയും സര്‍ക്കാരിനെയും അറിയിക്കാതെ കൊല്ലത്തെത്തിയ സംഘം വൈകിട്ട് മൂന്ന് മണിയോടെ തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാ.റജിസണെ കണ്ട് ചര്‍ച്ച നടത്തിയത് വിവാദമാകുകയാണ്. ഫാ.റജിസണുമായുള്ള കൂടിക്കാഴ്ച മാര്‍ച്ച് 2നു തന്നെ നിശ്ചയിച്ചതായാണ് അറിയുന്നത്. ഇറ്റലിയുടെ വിദേശകാര്യ മന്ത്രിക്ക് തങ്കശ്ശേരിയിലെ ഫാ. റജിസണുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയതിന്റെ പശ്ചാത്തലം അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കടലിലെ വെടിവയ്പ് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി റോമില്‍ കത്തോലിക്കാ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖം വിവാദമായിരുന്നു.

ഇറ്റലിക്കാരെ ന്യായീകരിച്ചു കൊണ്ടുള്ള അഭിമുഖത്തില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് കേന്ദ്രമന്ത്രി കെ.വി.തോമസ് ഇടപെടുമെന്നും ആലഞ്ചേരി പറഞ്ഞിരുന്നു. അഭിമുഖം വിവാദമായതിനെത്തുടര്‍ന്ന് ആലഞ്ചേരി പ്രസ്താവന നിഷേധിച്ചെങ്കിലും ഇതിനോട് ചേര്‍ന്ന് വേണം പുതിയ സംഭവവികാസങ്ങളെ വിലിയിരുത്താന്‍.
എന്നാല്‍ ഇറ്റാലിയന്‍ മന്ത്രി സ്‌റ്റെഫാന്‍ ദെ മിസ്തുര കൊല്ലത്ത് രഹസ്യസന്ദര്‍ശനം നടത്തിയ ദിവസം രാവിലെ കേന്ദ്രമന്ത്രി കെ.വി.തോമസ് പ്രദേശം സന്ദര്‍ശിച്ചു മടങ്ങിയത് ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട ശേഷം മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും ഇതേ ദിവസം തന്നെയാണ് കൊച്ചിയില്‍ വിമാനമിറങ്ങിയത്.

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ പൂര്‍ണമായും മാനിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനാകാത്തതില്‍ ദുഃഖമുണ്ടെന്നും മിസ്തുരമാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ നീതി നടപ്പാവുന്നതിനെ ബാധിക്കുമോ എന്ന ആശങ്കയുള്ളതുകൊണ്ടാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച വേണ്ടെന്ന് തീരുമാനിച്ചതെന്ന് ജലസ്റ്റിന്റെ മകന്‍ ഡെറിക് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.  സര്‍ക്കാരിനെയും പോലീസിനെയും അറിയിക്കാതെയുള്ള ഇത്തരമൊരു രഹസ്യ സന്ദര്‍ശനത്തിന് താത്പര്യമില്ലെന്നും ഡെറിക് പറഞ്ഞിരുന്നു.

രാവിലെ തങ്കശ്ശേരി പള്ളിയിലെത്തണമെന്ന ഫാ. റജിസണിന്റെ നിര്‍ദേശം ജലസ്റ്റിന്റെ ബന്ധുക്കള്‍ തള്ളുകയായിരുന്നു. ജലസ്റ്റിന്റെ ഇടവകയായ മൂദാക്കര സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമവും നടന്നില്ല. ജില്ലാ അധികൃതരുമായി ബന്ധമില്ലാതെ നടത്തുന്ന ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെയും ഇക്കാരണം കൊണ്ടുതന്നെ കാണേണ്ടതില്ലെന്നാണ് തീരുമാനം.

Malayalam news

Kerala news in English