എഡിറ്റര്‍
എഡിറ്റര്‍
മാര്‍ ക്ലീമിസ് കര്‍ദിനാള്‍ സ്ഥാനമേറ്റെടുത്തു
എഡിറ്റര്‍
Sunday 25th November 2012 12:16am

വത്തിക്കാന്‍സിറ്റി: സഭയുടെ രാജകീയ കിരീടമണിയിച്ച് ബസേലിയോസ് മാര്‍ ക്ലീമിസിനെ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കര്‍ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തി. വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിനുമുകളില്‍ നിര്‍മിച്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരയില്‍ മുഴങ്കാലില്‍നിന്ന് മാര്‍ ക്ലീമിസ് പുതിയ നിയോഗത്തിന്റെ സ്ഥാനചിഹ്നങ്ങള്‍ ഏറ്റുവാങ്ങി.

Ads By Google

മാര്‍പാപ്പമോതിരവും കര്‍ദിനാള്‍ത്തൊപ്പിയും അണിയിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ കരഘോഷം മുഴക്കി ആഹ്ലാദം അറിയിച്ചു. മാര്‍ ക്ലീമിസിനൊപ്പം അഞ്ച് ബിഷപ്പുമാരെക്കൂടി കര്‍ദിനാളായി ഉയര്‍ത്തി. ഇന്ത്യന്‍ സമയം മൂന്നരയ്ക്ക് നിയുക്ത കര്‍ദിനാള്‍മാരെ പള്ളിക്കുള്ളിലേക്ക് ആനയിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. തൊട്ടുപിന്നാലെ പാപ്പാമൊബീലില്‍ മാര്‍പാപ്പയെത്തി.

ആദ്യം സ്‌തോത്ര പ്രാര്‍ഥന. തുടര്‍ന്ന് വേദപുസ്തക പാരായണം. ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ക്രിസ്തുവിന്റെ ഇടത്തും വലത്തുമായി ഇരിക്കാന്‍ വരം ചോദിക്കുന്ന ഭാഗമായിരുന്നു വായിച്ചത്.

‘ഞാന്‍ ഏല്‍ക്കുന്ന മാമോദീസാ ഏല്‍ക്കുകയും ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കുകയും ചെയ്യുന്നതുകൊണ്ട് മാത്രമായില്ല, അത് ആര്‍ക്കായി ഒരുക്കിയിരിക്കുന്നുവോ അവര്‍ക്ക് മാത്രം ലഭിക്കുന്നതാണെ’ന്ന ഭാഗം ദൈവവിളിയുടെയും സഭാശ്രേണിയിലെ ഉയര്‍ച്ചയുടെയും മര്‍മം വെളിവാക്കുന്നതായിരുന്നു.

പുതിയ കര്‍ദിനാള്‍മാരെ പ്രഖ്യാപിച്ചത് ഈ സ്ഥാനത്തിലൂടെ പത്രോസിന്റെ ശ്ലൈഹികസിംഹാസനത്തോട് ചേര്‍ന്നുള്ള കൂട്ടുവേലയ്ക്കായാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന ഓര്‍മപ്പെടുത്തലോടെയായിരുന്നു.

കര്‍ദിനാളായി അഭിഷിക്തനാകുന്നതോടെ റോമിലെയും മുഴുവന്‍ ലോകത്തെയും സഭാശുശ്രൂഷയിലുള്ള ഉത്തരവാദിത്വം പോപ്പ് ഓര്‍മിപ്പിച്ചു. ഓരോരുത്തരെയായി പേര് വിളിച്ചു. മാര്‍ ക്ലീമിസിന്റെ പേര് മൂന്നാമതായാണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി വിശ്വാസപ്രഖ്യാപനം നടത്തി.

ദൈവത്തിലുള്ള വിശ്വാസവും തന്റെ ആട്ടിന്‍കൂട്ടത്തെ കൂട്ടാന്‍ വീണ്ടും വരുമെന്ന പ്രത്യാശയും ഏറ്റുപറഞ്ഞ കര്‍ദിനാള്‍ മാര്‍പാപ്പയോടുള്ള കൂറും പരസ്യമായി പ്രഖ്യാപിച്ചു. സഭയുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞയും ഇതോടൊപ്പം പ്രഖ്യാപിച്ചു. കൃത്യം ഒരു മണിക്കൂര്‍ നീണ്ട സ്ഥാനാരോഹണച്ചടങ്ങുകള്‍ സ്‌തോത്ര പ്രാര്‍ഥനയോടെ സമാപിച്ചു.

Advertisement