എഡിറ്റര്‍
എഡിറ്റര്‍
മാര്‍ ബസേലിയസ് ആശുപത്രി മാനേജ്‌മെന്റ് കാലുമാറി: നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടി
എഡിറ്റര്‍
Friday 17th August 2012 12:36pm

കോതമംഗലം: കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രി മാനേജ്‌മെന്റ് കഴിഞ്ഞദിവസമുണ്ടാക്കിയ കരാറിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി നഴ്‌സുമാരുടെ പരാതി. തങ്ങള്‍ക്കിതുവരെ ജോലിയില്‍ തിരികെ പ്രവേശിക്കാനായിട്ടില്ലെന്നും നഴ്‌സുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Ads By Google

ആശുപത്രിയിലെ മൂന്ന് നഴ്‌സുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി സമരം ചെയ്ത് രംഗത്തെത്തുകയും സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ഏറുകയും ചെയ്തതോടെ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുകയായിരുന്നു. നഴ്‌സുമാര്‍ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളും പരിഗണിച്ച മാനേജ്‌മെന്റ് സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ ജോലിക്കെത്തിയ നഴ്‌സുമാരെ പരിഹസിക്കുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.

രാവിലെ ഡ്യൂട്ടിക്ക് പ്രവേശിച്ച നഴ്‌സുമാരോട് ഒപ്പിട്ടശേഷം ആശുപത്രി സെക്രട്ടറിയെ കാണാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് സെക്രട്ടറി അഡ്വ. ഷിബു കുര്യാക്കോസിനടുത്ത് ചെന്നപ്പോള്‍ അദ്ദേഹം നഴ്‌സുമാരെ പരിഹസിക്കുകയാണ് ചെയ്തത്.

‘ നിങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരരുത്. ഇനി ഞങ്ങള്‍ നിങ്ങള്‍ പറയും പോലെ ചെയ്യാം. ഏതൊക്കെ സമയം ജോലി ചെയ്യണമെന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ’ തുടങ്ങിയ രീതിയിലാണ് അദ്ദേഹം പെരുമാറിയതെന്ന് നഴ്‌സുമാര്‍ പറയുന്നു.

സമരത്തില്‍ പങ്കെടുത്ത 115 നഴ്‌സുമാരുടെ കാര്യം ഇനി അവര്‍ തീരുമാനിക്കുന്നത് പോലെയാണെന്നും മറ്റുള്ളവരുടേത് മാനേജ്‌മെന്റ് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചതെന്ന് സമരത്തില്‍ പങ്കെടുത്ത  നഴ്‌സ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കൂടാതെ മൂന്ന് ഷിഫ്റ്റ് എന്ന സമയക്രമം സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും അദ്ദേഹം അറിയിച്ചതായി പറയുന്നു. നഴ്‌സുമാരോടുള്ള പ്രതികാര നടപടിയായി ഇതുവരെ ജോലി ചെയ്ത ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാറ്റുമെന്നും അദ്ദേഹം പറഞ്ഞതായി നഴ്‌സ് പറഞ്ഞു.

ആശുപത്രിയിലെ നഴ്‌സുമാരെ രണ്ട് വിഭാഗങ്ങളാക്കി ഭിന്നിപ്പിക്കാനുള്ള നീക്കമാണിതെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം ഒപ്പുവെച്ച കരാറിന് വിരുദ്ധമാണിതെന്നും അവര്‍ പറഞ്ഞു.

സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കൊന്നും ഇതുവരെ ജോലിയില്‍ പ്രവേശിക്കാനായിട്ടില്ല. ‘പുറത്ത് കാത്തുനില്‍ക്കൂ’വെന്നാണ് പറഞ്ഞിരിക്കുന്നതെന്നും കൊച്ചുമോള്‍ പറഞ്ഞു.

Related Articles

“പ്രശ്‌നം പരിഹരിക്കാതെ ആരെങ്കിലും അവരുടെ അടുത്ത് ചെന്നാല്‍ അവര്‍ ആത്മഹത്യ ചെയ്യും”

നിങ്ങളുടെ പോലീസ് ആര്‍ക്കുനേരെയാണ് കുരച്ചു ചാടുന്നത്?

നഴ്‌സുമാരുടെ ഇച്ഛാശക്തിക്ക് മുമ്പില്‍ മാര്‍ ബസാലിയേസ് മാനേജ്‌മെന്റ് മുട്ടുമടക്കി

Advertisement