തൃശൂര്‍: മാപ്രാണം ഹോളിക്രോസ് ദേവാലയത്തിലെ തിരുശേഷിപ്പ് മോഷണം പോയത് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് കൊടിയേരി ബാലകൃഷ്ണന്‍. അന്വേഷണത്തിനായി തൃശൂര്‍ എസ് പിയുടെ നേതൃത്വത്തിലായിരിക്കും സ്‌ക്വാഡെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ദേവാലയം ആഭ്യന്തരമന്ത്രി കോടിയേരി സന്ദര്‍ശിച്ചു. പള്ളിക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഒരു മതസ്ഥാപനങ്ങള്‍ക്കും പോലീസിന്റെ ഭാഗത്തുനിന്നും സ്ഥിരമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജോസ് തെറ്റയിലും ആഭ്യന്തരമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Subscribe Us:

പള്ളിയുടെ അല്‍ത്താരക്ക് സമീപം സൂക്ഷിച്ച ക്രൂശിത രൂപത്തിന്റേയും ക്രൂശിതനായ യേശുവിന്റെ മുഖം തുടക്കാന്‍ വെറോണിക്ക ഉപയോഗിച്ച തൂവാലയുടേയും കുന്തത്തില്‍ പുരണ്ട രക്തത്തിന്റേയും ശേഷിപ്പുകളാണ് കാണാതായത്.

യേശുക്രിസ്തുവിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ച ഇന്ത്യയിലെ ഏക പള്ളിയാണ് മാപ്രാണത്തേത്. തിങ്കളാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്. പള്ളിയുടെ പൂട്ട്‌പൊളിച്ച് അകത്തുകടന്നാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച്ച കാലത്ത് രണ്ട് അപരിചിതര്‍ പള്ളിയിലെത്തി തിരുശേഷിപ്പുകളെക്കുറിച്ച് അന്വേിച്ചിരുന്നുവെന്ന് പള്ളി അധികൃതര്‍ പറഞ്ഞു.