പാറ്റ്‌ന: ബീഹാറിലെ മുംഗേരി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ 11 ഗ്രാമീണരെ മോചിപ്പിച്ചു. പോലീസ് പിന്തുടരുന്നുവെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഗ്രാമീണരെ ബസ്ര ചോര്‍മര വനത്തില്‍ ഉപേക്ഷിച്ച് മാവോയിസ്റ്റുകള്‍ കടന്നുകളയുകയായിരുന്നു.

കഴിഞ്ഞദിവസം ഗ്രാമത്തിലെത്തിയ ഒരു സംഘം മാവോയിസ്റ്റുകള്‍ ആറ് പേരെ വെടിവച്ച് കൊല്ലുകയും 11 പേരെ തട്ടിക്കൊണ്ടുപോകയും ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

തലസ്ഥാനമായ പറ്റ്‌നയ്ക്ക് 200 കിലോമീറ്ററോളം അകലെയുള്ള കരെയ്‌ലി ഗ്രാമത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് എ.കെ. 47 തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഇരുപതോളം മാവോവാദികളെത്തിയത്. മാവോയിസ്റ്റുകളുടെ നേതാവായ അവിനാശ് കഴിഞ്ഞ ആഴ്ച ഗ്രാമത്തില്‍ നിന്നും പോലീസ് പിടിയിലായിരുന്നു. ഇതിനുള്ള പ്രതികാരമായാണ് അക്രമമെന്നാണ് പോലീസിന്റെ ഭാഷ്യം.