എഡിറ്റര്‍
എഡിറ്റര്‍
വിലങ്ങാട് മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാര്‍
എഡിറ്റര്‍
Saturday 2nd November 2013 10:58am

maoist-in-vila

കോഴിക്കോട്: മാവോയിസ്റ്റുകളെ കണ്ടുവെന്ന് വിലങ്ങാട് മലയോരത്തെ വായാട് ആദിവാസി കോളനി നിവാസികള്‍. തോക്കുമായി വന്ന സംഘം വീടുകളില്‍ കയറി അരിയും വീട്ടു സാധനങ്ങളും വാങ്ങി മടങ്ങിയെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു.

പേടിക്കേണ്ട ആവശ്യമില്ലെന്നും നിങ്ങളെ ഒന്നും ചെയ്യാനല്ല മറിച്ച് നിങ്ങളെ ഉന്നതിയിലെത്തിക്കുന്നതിനാണ് പോരാടുന്നതെന്നും സംഘം പറഞ്ഞു.

മുഷിഞ്ഞ രീതിയില്‍ വസ്ത്രധാരണം നടത്തിയ സംഘത്തിലെ രണ്ട് പേര്‍ മാത്രമാണ് സംസാരിച്ചത്. ലഘുലേഖയും വിതരണം ചെയ്തു.

അരമണിക്കൂറോളം സ്ഥലത്ത് ചിലവഴിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ കുറ്റിയാടി, വളയം പോലീസ് സ്‌റ്റേഷനുകളില്‍ വിവരമറിയിച്ചു.

പോലീസെത്തി സംഘം വിതരണം ചെയ്ത ലഘുലേഖ കസ്റ്റഡിയിലെടുത്തു. ഈ പ്രദേശങ്ങളില്‍ ഇതിന് മുമ്പും മാവോയിസ്റ്റുകളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisement