ഭുവനേശ്വര്‍: രാജ്യത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളത് കോണ്‍ഗ്രസ് ഭരിക്കാത്ത സംസ്ഥാനങ്ങളിലാണെന്ന് ഗ്രാമീണ വികസന മന്ത്രി ജയറാം രമേശ്. കോണ്‍ഗ്രസ് ദുര്‍ഭലമായ സംസ്ഥാനങ്ങളിലാണ് മാവോയിസ്റ്റുകള്‍ ശക്തരായിരിക്കുന്നതെന്നാണ് ജയറാം രമേശ് പറയുന്നത്.

Ads By Google

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാണ്. ഒഡീഷയില്‍ കോണ്‍ഗ്രസിന് അധികാരമില്ല. ഇവിടെയൊക്കെയാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം ഏറ്റവും കൂടുതലായുള്ളത്.

ഒഡീഷയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് ഒഡീഷ.

അതേസമയം, കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തെ കുറിച്ചുള്ള ആശങ്കകളും ദുരൂഹതകളും ഇപ്പോഴും തുടരുകയാണ്. കേരളത്തിന്റെ വനമേഖകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ദിവസങ്ങളായി തിരച്ചില്‍ തുടരുകയാണ്.

ആദ്യം മാവോവാദി സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും പിന്നീട് വനമേഖലയില്‍ കണ്ടത് മാവോയിസ്റ്റുകളെ തന്നെയാണെന്നതിന് സ്ഥിരീകരണമില്ലെന്നാണ് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോള്‍ പറയുന്നത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത് വ്യക്തമാക്കുന്നതെന്ന് തിരുവഞ്ചൂര്‍ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാര്‍ പ്രതിരോധത്തിലായ രാഷ്ട്രീയ സാഹചര്യം മറികടക്കാനാണ് ഇപ്പോള്‍ മാവോവാദി സാന്നിധ്യമെന്ന വാദവുമായി എത്തിയിരിക്കുന്നതെന്നും ആരോപണമുണ്ട്.