കൊല്‍ക്കത്ത: ഉന്നത മാവോ നേതാവ് വെങ്കടേശ്വര്‍ റെഢിയെ പോലീസ് അറസ്റ്റ് ചെയ്തു. മാവോനേതൃനിരയിലെ പ്രമുഖനായ കിഷന്‍ജിയുടെ വലം കൈയായ റെഢിയെ ഇന്നലെ രാത്രി വെസ്റ്റ് ബംഗാള്‍ പോലീസും കൊല്‍ക്കത്ത സി ഐ ഡിയും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

തെലുഗു ദീപക് എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ ഇന്ന് കൊല്‍ക്കത്ത കോടതിയില്‍ ഹാജരാക്കും. മാവോയിസ്റ്റ് സൈനിക യൂണിറ്റിലെ അംഗത്തെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമായാണ്. ബീഹാര്‍, ഒറീസ്സ, ജാര്‍ഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ മാവോ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണെന്നാണ് കരുതുന്നത്.

തെലുഗു ദീപകിന്റെ അറസ്റ്റോടുകൂടി ലാല്‍ഗര്‍ഹില്‍ മാവോവാദികളെ അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് ബംഗാള്‍ പോലീസ് കരുതുന്നത്. മിഡ്‌നാപൂരിലെ ഷില്‍ദാ പോലീസ് ക്യാമ്പ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇപ്പോള്‍ പിടിയിലായതെന്നാണ് പോലീസ് വൃത്തങ്ങള്‍ വിശ്വസിക്കുന്നത്.