ന്യൂദല്‍ഹി: കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലകളില്‍ മാവോവാദി സാന്നിധ്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിര്‍ത്തിയില്‍ മാവോ വാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി  മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനത്തെ പോലീസ് സേന തയാറാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേഖലയിലെ സ്ഥിഗതികള്‍ വിലയിരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Ads By Google

നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സേനയെ വിളിക്കേണ്ടതില്ല. ആഭ്യന്തര മന്ത്രി നാളെ ഉന്നതതല യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ കഴിഞ്ഞ ദിവസം എത്തിയ സംഘം കോളനിയില്‍  ലഘുലേഖകള്‍ വിതരണം ചെയ്തതായി പോലീസ് അറിയിച്ചു.

വര്‍ഗീസ് ദിനമായ 18ന് സായുധ വിപ്ലവം നടത്താന്‍ ആഹ്വാനം ചെയ്യുന്നതാണ് ലഘുലേഖകള്‍. ഭൂമിയില്ലാത്തവര്‍ വലിയ ചൂഷണത്തിന് വിധേയരാവുകയാണ്. സര്‍ക്കാരിനെതിരെ സായുധ ആയുധമെടുത്ത് പോരാടാനും ലഘുലേഖയില്‍ പറയുന്നു. പശ്ചിമഘട്ടം സോണ്‍ കമ്മിറ്റി എന്ന പേരിലാണ് ലഘുലേഖ അച്ചടിച്ചിട്ടുള്ളത്.

രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരാണ് പോലീസിന് വിവരം നല്‍കിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കമാന്‍ഡോ സംഘം കണ്ണൂരിലേക്ക് തിരിച്ചു.

മാവോവാദികളാണെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം ഭക്ഷണം ആവശ്യപ്പെടുകയും അതിനായി പണം നല്‍കുകയും ചെയ്‌തെന്നും പിന്നീട് സാധനങ്ങളുമായി കാട്ടിനുള്ളിലേക്ക് പോയെന്നും ദൃക്‌സാക്ഷി പറയുന്നു.

മാവോയിസ്റ്റ് ആക്രമണ ഭീഷണിയുള്ള കണ്ണൂര്‍, വയനാട് ജില്ലകളിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ബുധനാഴ്ച രാത്രി കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ കണ്ണൂരിലെ കാനംവയല്‍ മങ്കുണ്ടിയിലും മാവോവാദിസംഘത്തെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി ജില്ലകളിലും വനപ്രദേശത്തും തിരച്ചില്‍ ആരംഭിച്ചിരുന്നു.

അതേസമയം, വയനാട്ടിലെ പുല്‍പ്പള്ളി, തിരുനെല്ലി ഭാഗങ്ങളില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തില്‍ പോരാട്ടം എന്ന സംഘടനയുടെ നേതാവ് സി.കെ ഗോപാലനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ഇയാളെ പിടിച്ചതെന്നാണ് പോലീസ് പറയുന്നത്.