ജാര്‍ഗ്രാം: മാവോവാദി നേതാവെന്നു കരുതുന്ന യുവതി ശനിയാഴ്ച രാവിലെ ജില്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും അര്‍ധസൈനിക സേനയ്ക്കും മുന്നില്‍ കീഴടങ്ങി.

പശ്ചിമബംഗാളിലെ ജാര്‍ഗ്രാമിലെ പ്രാദേശിക കമാന്‍ഡറായ സോവ മണ്ഡിയാണ് രാവിലെ കീഴടങ്ങിയത്. 50,000 രൂപയടങ്ങുന്ന ബാഗും അവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. പി സി പി എ നേതാവ് ഉമാകാന്ത് മഹാത്തോയെ എറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് യുവതിയുടെ കീഴടങ്ങല്‍.

അതേസമയം, മാവോവാദികളുമായി യാതൊരു വിട്ടുവീഴ്ച്ചയും വേണ്ടെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി. സാമ്രാജ്യത്വത്തിന്റെ മരപ്പാവകളാണ് ഭരണകൂടമെന്ന മാവോവാദികളുടെ പ്രത്യയശാസ്ത്രത്തില്‍ മാറ്റംവരാതെ ഇവരുമായി യാതൊരു ചര്‍ച്ചയും സാധ്യമല്ലെന്ന് യെച്ചൂരി പറഞ്ഞു.