Categories

മാവോവാദി നേതാക്കളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടിലിലൂടെ?

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ആരോപണം. മാവോവാദി നേതാക്കളായ ശഖമുരിയപ്പ റാവു, കൊണ്ടാല്‍ റെഢി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. അപ്പ റാവു പ്രകാശം ജില്ലയില്‍ വെച്ചും കൊണ്ടാല്‍ റെഡ്ഡി വാറങ്കലിലെ തദ്വായ് മണ്ടലിലുമാണ് കൊല്ലപ്പെട്ടത്.

ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും ഏറ്റുമുട്ടല്‍ പോലീസ് കെട്ടിച്ചമച്ച വ്യാജ കഥയാണെന്നും വിപ്ലവ കവി വരവരറാവു ആരോപിച്ചു. മര്‍ക്കപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് റാവുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ശേഷയ്യ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാത്മാഗാന്ധി ആശുപത്രിയില്‍ വെച്ചാണ് കൊണ്ടാല്‍ റെഡ്ഡിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. സെക്കന്റ് അഡിഷണല്‍ മജിസ്‌ട്രേറ്റ് കരുണാകര്‍ റാവുവിന്റെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ജില്ലാ മനുഷ്യാവകാശ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുമുണ്ട്. കൊണ്ടാല്‍ റെഡ്ഡിയുടെ സഹോദരനും മുന്‍ എം എല്‍ എയുമായ രാമലിംഗ റെഡ്ഡി ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപിച്ചിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത റെഡ്ഡിയെ വെടിവെച്ച കൊല്ലുകയായിരുന്നെന്നും അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ പീഡിപ്പിച്ചതിന്റെയും ഷോക്കേല്‍പിച്ചതിന്റെയും പാടുകളുണ്ടെന്നും സഹോദരന്‍ ആരോപിച്ചു.

ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് റെഡ്ഡിയുടെ ഭാര്യ മാധവിയും ആരോപിച്ചിട്ടുണ്ട്. അവര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം നൂറ് കണക്കിന് അനുയായികളുടെ സാന്നിധ്യത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ജന്മനാടുകളില്‍ സംസ്‌കരിച്ചു. കൊണ്ടാല്‍ റെഡ്ഡിയുടെ മൃതദേഹം രാവിലെ മേദക് ജില്ലയിലെ ചിറ്റപൂരിലാണ് സംസ്‌കരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപ്പറാവുവിന്റെ മൃതദേഹം ജന്മദേശത്തേക്ക് കൊണ്ട് വന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളും ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങി. വാറങ്കല്‍ ജില്ലയിലെ ഖണാപൂരില്‍ ഉച്ചയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. വിപ്ലവ കവി വരവരറാവു ഇരുവരുടെയും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.