കൊല്‍ക്ക­ത്ത: വ്യാ­ജ എ­റ്റു­മു­ട്ട­ലില്‍ മാവോവാദി നേതാവ് രാജ്കുമാര്‍ ആസാദിനെ പോലിസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജൂലായ് ഏഴിന് 48 മണിക്കൂര്‍ ഭാരത് ബന്ദിന് മാവോവാദികള്‍ ആഹ്വാനം ചെയ്തു. ആസാദിനെയും സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ഹേംചന്ദ് പാണ്ഡെയെയും കഴിഞ്ഞദിവസമാണ് പോലിസ് ആന്ധ്രയിലെ ആദിലാബാദില്‍ വച്ച് വെടിവെച്ചുകൊന്നത്.

നാഗ്പൂരില്‍ നിന്ന് ആസാദിനെ പിടികൂടിയ ശേഷം ആദിലാബാദില്‍ കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയാണുണ്ടായതെന്ന് മാവോവാദി നേതാവ് കിഷന്‍ജി പ്രസ്താവനയിലൂടെ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുകയും നക്‌­സലുകളെ കൊല്ലുകയും ചെയ്യുകയാണെന്ന് കിഷന്‍ജി പറഞ്ഞു. ഇത് അവര്‍ സമവായത്തിന് തയ്യാറല്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് കിഷന്‍ജി പറഞ്ഞു. മന്‍മോഹന്‍സിങ്, പി ചിദംബരം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി റോസയ്യ എന്നിവരെയും കിഷന്‍ജി പ്രസ്താവനയില്‍ രൂ­ക്ഷ­മായി വിമര്‍ശിച്ചു.

അതേസമയം പത്രപ്രവര്‍ത്തകനായ ഹേംചന്ദ് പാണ്ഡെയെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയത് എന്നാരോപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ ഇതി­നെ­തിരേ രംഗത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ ഛത്തീസ്ഗഢില്‍നിന്നുള്ള മാവോവാദി അനുകൂലി സഹദേവാണെന്നായിരുന്നു പോലിസ് പറഞ്ഞിരുന്നത്. എന്നാല്‍ തെലുങ്ക് പത്രമായ ഈനാടില്‍ പ്രസിദ്ധീകരിച്ച ചിത്രം കണ്ടാണ് ഹേംചന്ദിനെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞത്.

നാഗ്പുരില്‍ ആസാദുമായി അഭിമുഖം നടത്താനായി ഹേംചന്ദ് ജൂണ്‍ 30ന് പോയതായിരുന്നുവെന്ന് ഭാര്യ വാര്‍ത്താസമ്മേളനത്തില്‍ പറയുകയും ചെയ്തു. മാവോവാദി ബന്ദ് ബംഗാള്‍, ആന്ധ്ര, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ജനജീവിതത്തെ ബാധിക്കുമെങ്കിലും തെക്കന്‍ സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കാനിടയില്ല.