എഡിറ്റര്‍
എഡിറ്റര്‍
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Tuesday 12th November 2013 2:35pm

maoist-attack

റായ്പൂര്‍:  ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആകമണത്തില്‍ മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.

മരിച്ച മറ്റൊരാള്‍ ഡ്രൈവറാണ്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ജോലിക്ക് ശേഷം മടങ്ങുകയായിരുന്ന ബി.എസ്.എഫ് വാഹന വ്യൂഹത്തിന് നേര്‍ക്ക് കുഴിബോംബാക്രമണമാണുണ്ടായത്.

ഛത്തീസ്ഗഡിന്റെ തെക്കന്‍ മേഖലയിലുള്ള ബസ്തറില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 628 പേരാണ് മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം, ഇന്നലെ ഛത്തീസ്ഗഡില്‍ നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഛത്തീസ്ഗഡ് നിയമസഭയിലെ 90 സീറ്റുകളില്‍ മാവോയിസ്റ്റ് ബാധിത മേഖലയിലുള്ള എട്ടു ജില്ലകളിലെ 18 മണ്ഡലങ്ങളിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ്.

ബസ്തര്‍ ഡിവിഷനിലെ 12 മണ്ഡലങ്ങളിലും രാജ്‌നന്ദ്ഗാവ് ജില്ലയിലെ ഒരു മണ്ഡലത്തിലും വൈകിട്ട് മൂന്നുമണിക്കു പോളിങ് അവസാനിപ്പിച്ചു.

14 സ്ഥലങ്ങളില്‍ മാവോയിസ്റ്റുകളും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. മാവോയിസ്റ്റുകളുടെ ബഹിഷ്‌കരണ ആഹ്വാനം അവഗണിച്ച് 67% പേര്‍ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.

ദണ്ഡേവാഡ ജില്ലയില്‍ നിന്ന് എട്ടു ബോംബുകളും നാരായണ്‍പൂര്‍ ജില്ലയില്‍ നിന്ന് ഒരു ബോംബും കണ്ടെടുത്തു നിര്‍വീര്യമാക്കി.

Advertisement