എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റ് ബന്ധം: പോലീസ് അറസ്റ്റ് ചെയ്തവരുടെ ജാമ്യാപേക്ഷ തള്ളി
എഡിറ്റര്‍
Friday 4th January 2013 3:16pm

മാവേലിക്കര: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്.

Ads By Google

പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ച് അഞ്ച് ദിവസത്തേക്ക് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ഡിസംബര്‍ 29 നാണ് മാവേലിക്കരയിലെ ലോഡ്ജില്‍ വെച്ച് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഇവര്‍ക്കൊപ്പം മാവോയിസ്റ്റ് ബന്ധമുള്ള രൂപേഷ്-ഷൈന ദമ്പതിളുടെ രണ്ട് പെണ്‍മക്കളുമുണ്ടായിരുന്നു.

തമിഴ്‌നാട് സ്വദേശിയും ആണവശാസ്ത്രജ്ഞനുമായ ഗോപാല്‍, മലയാളികളായ ഷിയാസ്, സലീം, ബാഹുലേയന്‍, ദേവരാജന്‍, രാജേഷ് മാധവന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായവരുടെ ഒരു സാംസ്‌കാരിക കൂട്ടായ്മ രൂപീകരിക്കാനാണ് തങ്ങള്‍ ലോഡ്ജില്‍ മുറിയെടുത്തതെന്ന് അറസ്റ്റിലായവര്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.

നിരോധിതസംഘടനാപ്രവര്‍ത്തനം, അന്യായമായി സംഘം ചേരല്‍, കുറ്റകരമായ ഗൂഢാലോചന, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അഞ്ച് പേരെയും അടുത്തമാസം മൂന്ന് വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ലഘുരേഖകളോ മാവോയിസ്റ്റ് ബന്ധം ആരോപിക്കാവുന്ന തെളിവുകളോ ഇവരെ അറസ്റ്റ് ചെയ്ത ലോഡ്ജില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. ഇവരില്‍ നിന്ന് പിടിച്ചെടുത്ത അഞ്ചു മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപിലും യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. കൂടുതല്‍ പരിശോധനയ്ക്കായി ഇവ സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ്.

Advertisement