മുബൈ: മുബൈയിലെ യൂണിനോര്‍ സര്‍വ്വീസുകള്‍ വ്യാപകമായി  നിര്‍ത്തി. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 18 ലക്ഷം ഫോണുകളാണ് മുബൈയില്‍ നിശബ്ദമായത്.

2ജി സ്‌പെക്ട്രം പുനര്‍ലേലത്തില്‍ പങ്കെടുക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാപകമായ് സര്‍വ്വീസുകള്‍  നിര്‍ത്തിയത്.

Ads By Google

കോടതി ഉത്തരവ് മാനിച്ചാണ് ഇത്തരം നടപടിയിലേക്ക് പോയതെന്നും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടിന് ഖേദം പ്രകടിപ്പിച്ചുവെന്നും യുണിനോര്‍ മാനേജിങ്ങ് ഡയരക്ടര്‍ സിഖ്‌വേ ബ്രെക്കേ പറഞ്ഞു.

എന്നാല്‍ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 20 വര്‍ഷത്തേക്ക യുണിനോര്‍ സര്‍വ്വീസ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സുപ്രീം കോടതി 22 മൊബൈല്‍ സര്‍വ്വീസുകളുടെ ലൈസന്‍സ് റദ്ദാക്കിയത്. എ.രാജ ടെലികോം മന്ത്രിയായ സമയത്ത്  2ജി സ്‌പെക്ട്രം ലേലം ചെയ്തതില്‍ അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനാലാണ് അന്ന് മൊബൈലുകളുടെ സ്‌പെക്ട്രം  ലെസന്‍സ് റദ്ദാക്കിയത്.

യുണിനോറിന്റെ മുബൈയിലെ എല്ലാ തൊഴിലാളികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍  ജോലിക്ക് അവസരങ്ങള്‍ കൊടുക്കുമെന്ന് യുണിനോര്‍ അധികൃതര്‍ പറഞ്ഞു.

കമ്പനിയുടെ എല്ലാ കാര്യങ്ങളും വളരെ സുതാര്യമായ രീതിയിലാണ് നടത്തിവന്നിരുന്നതെന്നും ഇക്കാര്യം  യുണിനോറിന്റെ എല്ലാ ഉപഭോക്താക്കളയും കൃത്യമായി പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടെന്നും ഇപ്പോഴുള്ള എല്ലാ പ്രതിസന്ധികളും മറികടന്ന്  മുന്നോട്ട് പോകുമെന്നും കമ്പനി അധികൃതര്‍ കൂട്ടിചേര്‍ത്തു.