ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തനിക്കും യോഗ്യതയുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹരായ നിരവധി നേതാക്കള്‍ ബി.ജെ.പിയിലുണ്ട്. എന്നാല്‍ ആരാണ് ആ സ്ഥാനത്തെത്തുക എന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അടുത്ത ദിവസങ്ങളിലേ പാര്‍ട്ടി തീരുമാനിക്കുവെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഹം സംബന്ധിച്ച് പാര്‍ട്ടി നേതാവ് എല്‍.കെ അദ്വാനിയും നരേന്ദ്രമോഡിയും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കവെയാണ് മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മോഡിയും അദ്വാനിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ യശ്വന്ത് സിന്‍ഹ നിഷേധിച്ചു. ഇത്തരം വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്നും ബി.ജെ.പിക്കുള്ളില്‍ ഇത്തരം ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

യു.പി.എ സര്‍ക്കാരിന്റെ ഭരണം തീരുന്നതിനു മുന്‍പ് മന്‍മോഹന്‍ സിംഗില്‍ നിന്ന് പ്രധാനമന്ത്രിപദം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുമെന്ന മാധ്യമ പ്രചാരണം പോലെയാണ് അദ്വാനിയുടെയും മോഡിയുടെയും കാര്യത്തില്‍ നടക്കുന്നതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.