Administrator
Administrator
പ്രധാനമന്ത്രി ഉറപ്പ് പാലിച്ചില്ല: വി എസ്
Administrator
Friday 2nd October 2009 8:57pm

vs-achuthanandan_23-rwതിരുവനന്തപുരം: ആസിയാന്‍ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് പ്രധാനമന്ത്രി കേരളത്തിന് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കരാറിനെതിരേ എല്‍.ഡി.എഫ് മന്ത്രിമാര്‍ പ്രധാനമന്ത്രിയെ കണ്ടു നിവേദനം നല്‍കിയിരുന്നു. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും തമ്മില്‍ ചര്‍ച്ച നടത്തി. കേരളത്തിന്റെ ആശങ്കകള്‍ ദൂരീകരിച്ച ശേഷം മാത്രമേ കരാര്‍ ഒപ്പിടൂവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. എന്നാല്‍ അദ്ദേഹം ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ.എം തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ കണ്ണിയായി രാജ്ഭവനു മുന്‍പില്‍ പ്രസംഗിക്കുകയായിരുന്നു വി.എസ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലു തകര്‍ക്കുന്ന ആസിയാന്‍ കരാറില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. മത്സ്യമേഖലയുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിടുന്നതാണ് കരാര്‍. നാളികേരം, കുരുമുളക് തുടങ്ങി കേരളത്തിന്റെ കാര്‍ഷിക മേഖലയെ മുഴുവന്‍ കരാര്‍ പ്രതികൂലമായി ബാധിക്കും.

പുതിയ വാണിജ്യ മന്ത്രിയായി ചുമതലയേറ്റ ആനന്ദ് ശര്‍മ ആദ്യം പോയത് അമേരിക്കയിലേക്കാണ്. അമേരിക്കന്‍ വ്യാപാര കുത്തകകളുമായി ചര്‍ച്ച ചെയ്ത ശേഷം അവിടെ നിന്ന് ഇന്തോനേഷ്യയിലെത്തി ആസിയാന്‍ കരാറില്‍ ഒപ്പിടുകയും ചെയ്തു.

കൃഷിക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിടസംരംഭകര്‍, വ്യാപാരികള്‍ തുടങ്ങി കേരളത്തിലെ സാധാരണ ജനവിഭാഗങ്ങള്‍ക്കൊന്നും അവരുടെ ഉല്‍പന്നങ്ങള്‍ക്കോ അധ്വാനത്തിനോ ഇനി ന്യായവില ലഭിക്കില്ല. കേരളീയരുടെ മുഴുവന്‍ പിന്തുണയോടെ സംഘടിപ്പിച്ച പ്രതിഷേധച്ചങ്ങല കേന്ദ്രത്തിന്റെ കണ്ണു തുറപ്പിക്കണം. അല്ലെങ്കില്‍ മറ്റു പ്രതിഷേധ മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement