ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയുടെ മൃതദേഹം മറവ് ചെയ്തു. ജന്മനാടായ പട്ടോഡിയില്‍ കുടുംബസ്വത്തായ കൊട്ടാരത്തില്‍ മാതാപിതാക്കളുടെ ഖബറിന് അടുത്താണ് പട്ടോഡിയുടെയും ഖബര്‍ ഒരുക്കിയത്. ഭോപാലിന്റെ അവസാന നവാബും പട്ടോഡിയുടെ പിതാവുമായ ഇഫ്തിക്കര്‍ അലി ഖാനെ അടക്കിയതിന്റെ തൊട്ടടുത്തണ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനെയും അടക്കിയത്. കൊട്ടാരത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ ക്രിക്കറ്റ് താരങ്ങള്‍, രാഷ്ട്രീയനേതാക്കള്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ തുടങ്ങി 15,000 ഓളം പേര്‍ പങ്കെടുത്തിരുന്നു.

പട്ടോഡിയുടെ ഭാര്യയും പഴയകാല ബോളിവുഡ് താരവുമായ ഷര്‍മിള ടാഗോര്‍ നിശബ്ദയായി കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന് ശാന്തയായിട്ടായിരുന്നു ചടങ്ങുകള്‍ നോക്കിക്കണ്ടത്. പട്ടോഡിയുടെ മകനും ബോളിവുഡ് താരവുമായ സെയ്ഫ് അലി ഖാന്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുകയും തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

സെയ്ഫ് അലി ഖാന്റെ കാമുകി കരീന കപൂര്‍, കരീനയുടെ സഹോദരി കരിഷ്മ എന്നിവര്‍ പട്ടോഡിയുടെ മകളായ സോഹ അലി ഖാന്റെയും സബാ അലി ഖാന്റെയും കൂടെ ചടങ്ങുകള്‍ വീക്ഷിച്ചു.

പഴയകാല താരങ്ങളായ കപില്‍ ദേവും അജയ് ജഡേജയും അന്തിമോപചാരമര്‍പ്പിക്കാന്‍ കുടുംബസമേതമായാണ് എത്തിയത്. പ്രശസ്ത സംഗീതജ്ഞനും സന്തൂര്‍ മാന്ത്രികനുമായ അംചത് അലി ഖാനും അംഷുമാന്‍ ഗെയ്ക്ക്വാദും ഒന്നിച്ചാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. ഇവരെ കൂടാതെ സാമൂഹിക-സാംസ്‌കാരിക രംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.