വിബീഷ് വിക്രം

‘ഒരു ഓഫ് സ്പിന്നര്‍ എന്ന് നിലയില്‍ എന്റെ വളര്‍ച്ചക്ക് പിന്നില്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്. പട്ടൗഡിയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ ഞാനൊരു മികച്ച സ്പിന്‍ ബൗളറാണ്. അല്ലാത്തപ്പോള്‍ ഞാനൊരു ശരാശരി ബൗളറും’. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന എറാപ്പള്ളി പ്രസന്ന തന്റെ ആത്മകഥയില്‍ പറയുന്നുതാണ് മേല്‍ ഉദ്ദരിച്ച വാക്കുകള്‍. പ്രസന്നയുടെ വാക്കുകളില്‍ നിന്ന് മനസിലാക്കാം ഒരു നായകനെന്ന നിലയില്‍ എത്രത്തോളം സഹതാരങ്ങളുടെ മികവ് പുറത്തെടുക്കാന്‍ പട്ടൗഡി ശ്രമിച്ചിരുന്നെന്ന്.

ഒരു കാലത്ത് സമനിലക്ക് വേണ്ടി മാത്രം കളിച്ചിരുന്നവരായിരുന്നു ഇന്ത്യക്കാര്‍. സമനില പോലും ജയത്തിന് തുല്യമായിരുന്നു. പാശ്ചാത്യ ഫാസ്റ്റ് ബൗളര്‍മാര്‍ അരങ്ങ് തകര്‍ത്താടുമ്പോള്‍ എടുത്ത്് പറയാന്‍ ഒരു ഫാസ്റ്റ് ബോളര്‍പോലും ഇന്ത്യന്‍ നിരയില്‍ അക്കാലത്തുണ്ടായിരുന്നില്ല. ഇന്നത്തെ പോലെ ബാറ്റ്‌സ്മാന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ധരിക്കുന്ന ആദുനിക ഉപകരണങ്ങളും അന്ന് അന്യമായിരുന്നു. വിദേശത്തെ വേഗതയേറിയ പിച്ചുകളില്‍ പന്തെറിഞ്ഞ പരിശീലിച്ച  എതിരാളികളുടെ, ചീറിപാഞ്ഞ് വരുന്ന പന്തുകളെ മുട്ടിടിയോടെ ക്രീസില്‍നിന്ന് എതിരിട്ട് ,ഒരു സമനിലയെങ്കിലും കൈവരിച്ചാല്‍ അത് ജയത്തിന് തുല്യമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ക്ക്.

അങ്ങിനെയിരുന്ന കാലത്താണ് രാജപാരമ്പര്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് യുവരാജാവായി പട്ടൗഡിയുടെ എളുന്നെള്ളെത്ത്. 1961 ഡിസംബര്‍ 13ന് ഡല്‍ഹിയില്‍ തന്റെ ഇരുപതാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു പട്ടൗഡി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ചെന്നൈയില്‍നടന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ തന്റെ ആദ്യ സെഞ്ച്വറി നേടി. ഒരു വര്‍ഷത്തിന് ശേഷം 1962 മാര്‍ച്ച് 23ന് ബാര്‍ബഡോസില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ പട്ടൗഡി ഇന്ത്യയുടെ നായകനായിരുന്നു. അതും ഇരുപത്തി ഒന്നാം വയസ്സില്‍.

ക്യാപ്റ്റന്‍ സ്ഥാനം യാദൃശ്ചികമായി കൈവന്നതായിരുന്നു. നായകനായ നരി കോണ്‍ട്രാക്ട്ടര്‍ക്ക് പരിക്കേറ്റപ്പോള്‍ ടീമിന്‍െ വൈസ് ക്യാപ്റ്റനായ പട്ടൗഡി ക്യാപ്റ്റനായി. പിന്നീട് 40 ടെസ്റ്റുകള്‍ ഇന്ത്യയെ നയിച്ച മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി ഒന്‍പത് വിജയങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചു. ഇന്നത്തെ കാലത്ത് ഒന്‍പത് വിജയമെന്നത് അത്ര വലിയ കാര്യമല്ലായിരിക്കാം. എന്നാല്‍ സമനിലകള്‍ക്ക് വേണ്ടി മാത്രം കളിച്ചിരുന്ന ഒരു ടീമിനെ ജയത്തെ കുറിച്ച് ചിന്തിക്കാനും അതിന് വേണ്ടി ശ്രമിക്കാനും ഒടുവില്‍ അത് നേടിയെടുക്കാനും കഴിവുളളവരാക്കി മാറ്റിയത് പട്ടൗഡിയുടെ നേതൃത്വ മികവ് ഒന്നുമാത്രമാണ്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന പട്ടൗഡിയുടെ കീഴിലാണ് രാജ്യത്തിന് പുറത്ത് ഇന്ത്യ ആദ്യമായി ടെസ്റ്റും പരമ്പരയും ജയിക്കുന്നത്. 1968 ല്‍ ന്യൂസിലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ വിദേശമണ്ണില്‍ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് ജയമായി മാറി അത്. ടെസ്റ്റ് പരമ്പര 31ന് സ്വന്തമാക്കിയതോടെ ഇന്ത്യ ആദ്യമായി വിദേശത്ത പരമ്പര സ്വന്തമാക്കി പുതു ചരിത്രം രചിച്ചു.

പട്ടൗഡി എന്ന തന്ത്രശാലിയായ ക്യാപ്റ്റന്റെ ദീര്‍ഘ വീക്ഷണത്തിന്റെയും അഗ്രസീവ്‌നെസ്സിന്റെയും വിജയം കൂടിയായി അത് മാറി. സ്പിന്‍ ബൗളിങ്ങാണ് ഇന്ത്യന്‍ ടീമിന്റെ ശക്തിയെന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍ മൂന്നും നാലും സ്പിന്‍ ബൗളര്‍മാരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കളിക്കളത്തിലേക്കിറങ്ങിയത്. പട്ടൗഡിയുടെ തന്ത്രം ഫലിച്ചു. രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ ഏറെ നാളായി ആഗ്രഹിച്ചിരുന്ന വിജയം സമ്മാനിച്ച് പ്രസന്നയും ,ബേദിയും, ബാപ്പു നട്കര്‍ണിയും അടങ്ങിയ സ്പിന്‍ ത്രയം ക്യാപ്റ്റന്റ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.

1970 ല്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ട്‌പ്പെട്ടെങ്കിലും പിന്നീട് അഞ്ച് വര്‍ഷത്തോളം കാലം കളിക്കാരനായി ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. വലം കയ്യന്‍ ബാറ്റ്‌സ്മാനും മീഡിയം പേസ് ബൗളറുമായിരുന്ന പട്ടൗഡി ഇന്ത്യക്കുവേണ്ടി 46 ടെസ്റ്റുകളില്‍ പാഡണിഞ്ഞിട്ടുണ്ട്. 46 ടെസ്റ്റുകളില്‍ നിന്നായി 34ന് മുകളില്‍ ശരാശരിയില്‍ 2793 റണ്‍സ് സ്‌കോര്‍ ചെയ്തു. ടെസ്റ്റ്ില്‍ ആറ് സെഞ്ചുറിയും 16 അര്‍ദ്ധസെഞ്ചുറിയും ഒരു ഡബ്ബില്‍ സെഞ്ചുറിയും സ്വന്തമാക്കി. 1964 ഫിബ്രവരിയില്‍ ന്യൂഡല്‍ഹിയില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ നേടിയ 203 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

1975ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. തുടര്‍ന്ന് ഐ.സി.സി.യുടെ മാച്ച് റഫറിയും ക്രിക്കറ്റ് കമന്റേറ്ററുമായി കളിക്കളത്തിനെ ചുറ്റിപ്പറ്റിത്തന്നെ നിന്ന് പട്ടൗഡി പില്‍ക്കാലത്ത് രാഷ്ട്രീയത്തിലും ഒരു കൈ പയറ്റി നോക്കിയിരുന്നു. എന്നാല്‍ അത് തന്റെ തട്ടകമല്ലെന്ന്് മനസിലാക്കി വേഗം പിന്‍വാങ്ങി. ഇടക്കാലത്ത് ‘സ്‌പോര്‍ട്‌സ് വേള്‍ഡ് മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ച പട്ടൗഡി പിന്നീട് പതുക്കെ സജീവ ക്രിക്കറ്റ് രംഗത്ത് നിന്നു തന്നെ അകലം പാലിക്കുകയായിരുന്നു. കളിയിലെ മികവ് പരിഗണിച്ച രാജ്യം 1964ല്‍ അര്‍ജ്ജുന അവാര്‍ഡും 1967ല്‍ പത്രമശ്രീയും നല്‍കി ആദരിച്ചു. ക്രിക്കറ്റിന്റെ ബൈബിള്‍ ആയി കരുതുന്ന വിസ്ഡന്‍ മാസികയുടെ 1971ലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.

മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ബോളിവുഡ് നടി ശാര്‍മിള ടാഗോര്‍ ആണ് (ആയിശാ സുല്‍ത്താന) പട്ടൗഡിയുടെ ഭാര്യ. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്‍ , സോഹ അലിഖാന്‍ , സാബ അലിഖാന്‍ എന്നിവരാണ് മക്കള്‍