ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി(70) അന്തരിച്ചു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ വച്ചായിരുന്നു മരണം.ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ഒരു മാസത്തിലേറെയായി ഇവിടെ ചികിത്സയിലായിരുന്നു പട്ടൗഡി.

1961ല്‍ ഇന്ത്യന്‍ ടീമിലെത്തിയ പട്ടൗഡി ഒരു വര്‍ഷത്തിന് ശേഷം 1962 മാര്‍ച്ചില്‍ തന്റെ ഇരുപത്തി ഒന്നാം വയസ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന ബഹുമതി ഇപ്പോഴും പട്ടോഡിയുടെ പേരിലാണ്.

40 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച പട്ടൗഡി ഒന്‍പത് വിജയങ്ങള്‍ സമ്മാനിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന പട്ടൗഡിയുടെ കീഴിലാണ് രാജ്യത്തിന് പുറത്ത് ഇന്ത്യ ആദ്യമായി പരമ്പര ജയിക്കുന്നത്.

1970 ല്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ട്‌പ്പെട്ടെങ്കിലും പിന്നീട് അഞ്ച് വര്‍ഷത്തോളം കാലം കളിക്കാരനായി ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. വലം കയ്യന്‍ ബാറ്റ്‌സ്മാനും മീഡിയം പേസ് ബൗളറുമായിരുന്ന പട്ടൗഡി ഇന്ത്യക്കുവേണ്ടി 46 ടെസ്റ്റുകളില്‍ പാഡണിഞ്ഞിട്ടുണ്ട്. 46 ടെസ്റ്റുകളില്‍ നിന്നായി 34ന് മുകളില്‍ ശരാശരിയില്‍ 2793 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ടെസ്റ്റ്ില്‍ ആറ് സെഞ്ചുറിയും 16 അര്‍ദ്ധസെഞ്ചുറിയും ഒരു ഡബ്ബില്‍ സെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. 1975ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. തുടര്‍ന്ന് ഐ.സ്ി.സി.യുടെ മാച്ച് റഫറിയും ക്രിക്കറ്റ് കമന്റേറ്ററുമായി കളിക്കളത്തിനെ ചുറ്റിപ്പറ്റിത്തന്നെ നിന്ന് പട്ടൗഡി 1974ല്‍ ദേശീയ ടീമിന്റെ പരിശീലകനുമായി. കളിയിലെ മികവ് പരിഗണിച്ച രാജ്യം 1964ല്‍ അര്‍ജ്ജുന അവാര്‍ഡും 1967ല്‍ പത്രമശ്രീയും നല്‍കി ആദരിച്ചു.

ബോളിവുഡ് നടി ഷര്‍മ്മിള ടാഗോറാണ് ഭാര്യ. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്‍ , സോഹ അലിഖാന്‍ , സാബ അലിഖാന്‍ എന്നിവരാണ് മക്കള്‍