ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും സജീവമാകുമ്പോള്‍ സഭാ നടപടികള്‍ സുഗമമായിരിക്കില്ലെന്നാണ് ഇരുക്യാമ്പുകളും നല്‍കുന്ന സൂചന. മുംബൈ സ്‌ഫോടനം, 2ജി അഴിമതി, വിലക്കയറ്റം, കള്ളപ്പണം, തുടങ്ങിയ പ്രശ്‌നങ്ങളിലൂടെ സര്‍ക്കാരിനെ ആക്രമിക്കാന്‍ പ്രതിപക്ഷം കോപ്പുകൂട്ടുമ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ രാജി, എന്‍.ഡി.എ കാലത്തെ അഴിമതികള്‍ എന്നിവ ആയുധമാക്കി തിരിച്ചടിക്കാനാണ് ഭരണപക്ഷം തയ്യാറെടുക്കുന്നത്.

2ജി സ്‌പെക്ട്രം കേസില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനും പങ്കുണ്ടെന്ന മുന്‍ ടെലികോം മന്ത്രി എ. രാജയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നാണ് സൂചന. അഴിമതി, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ വോട്ടെടുപ്പോടു കൂടി ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരാവശ്യം. അതേസമയം, 2ജി കേസിനെ പാര്‍ലമെന്റ് മുന്‍വിധിയോടെ സമീപിക്കില്ലെന്നാണു പ്രതീക്ഷയെന്നും ലോക്പാല്‍ ബില്ലിന്റെ വിധി പാര്‍ലമെന്റ് തീരുമാനിക്കുമെന്നും ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. പ്രതിപക്ഷത്തിന് മറയ്ക്കാനും പലകാര്യങ്ങളുണ്ടെന്നും അവരുടെ അലമാരയിലും അഴിമതിയുടെ നിരവധി അസ്ഥികൂടങ്ങള്‍ കാണാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്പാല്‍ ബില്‍, ഭക്ഷ്യ സംരക്ഷണ ബില്‍ തുടങ്ങി നിരവധി ബില്ലുകള്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഇത്തവണ ഉണ്ടാകില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.