മലപ്പുറം: മലയാള മനോരമ കുടുംബം കയ്യേറിയ പന്തല്ലൂര്‍ ക്ഷേത്രഭൂമി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം താല്‍ക്കാലികമായി അവസാനിപ്പിച്ചതായി പന്തല്ലൂര്‍ ഭഗവതി ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണിത്. ചൊവ്വാഴ്ച കോടതി കേസ് പരിഗണിച്ചപ്പോള്‍ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മെയ് 21വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് നിരാഹാരസമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

1945ല്‍ മലയാള മനോരമ കുടുംബത്തിലെ അംഗമായ ചെറിയാന് 60 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയാണിത്. ആദ്യമുപ്പത് വര്‍ഷം 350രൂപയും അടുത്ത മുപ്പത് വര്‍ഷം 500 രൂപയും മനോരമ കുടുംബം പാട്ടത്തുകയായി നല്‍കണമെന്നായിരുന്നു കരാര്‍. എന്നാല്‍ 1976 മുതല്‍ ഇവര്‍ പാട്ടത്തുക നല്‍കിയിട്ടില്ല. ഇതിന് പുറമേ പാട്ടക്കരാര്‍ കഴിഞ്ഞ് 8 വര്‍ഷം കഴിഞ്ഞിട്ടും ഭൂമി തിരിച്ചുനല്‍കാന്‍ മനോരമ കുടുംബം തയ്യാറായിട്ടുമില്ല.

പ്രതിമാസം 1 കോടി 37 ലക്ഷം രൂപ ഈ ഭൂമിയില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ക്ഷേത്രസംരക്ഷണസമിതി അംഗങ്ങള്‍ പറയുന്നത്. 2011 ഏപ്രിലില്‍ ഹൈക്കോടതി കേസ് പരിഗണിച്ച സമയത്ത് ചെറിയാനോട് 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നും 60ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ അത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിമാസം കോടിക്കണക്കിന് രൂപ വരുമാനം കിട്ടുന്ന മനോരമ കുടുംബത്തിന് വേണ്ടി സര്‍ക്കാര്‍ മനപൂര്‍വ്വം റിപ്പോര്‍ട്ട് വൈകിപ്പിച്ചെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

മെയ് 21നുള്ളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമരസമിതി അറിയിച്ചു.

Malayalam News

Kerala News in English