ന്യൂദല്‍ഹി: കള്ളപ്പണനിക്ഷേപം കണ്ടെത്തിയതിനെത്തുടര്‍ന്ന് മനോരമ കുടുംബാംഗം നികുതിയൊടുക്കി. ജര്‍മനിയിലെ എല്‍.ജി.ടി ബാങ്കില്‍ എംആര്‍എഫ് മുന്‍ സിംഎംഡി മാമ്മന്‍ മാപ്പിളയ്ക്കായിരുന്നു നിക്ഷേപമുണ്ടായിരുന്നത്.

ജര്‍മനിയിലെ ബാങ്ക് വിവരം കൈമാറിയതിനെത്തുടര്‍ന്ന ആദായനികുതി വകുപ്പ് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മാമ്മന്‍മാപ്പിളയുടെ മകനാണ് നികുതിയടച്ചത്. 271.87 ലക്ഷം രൂപയാണ് നിക്ഷേപമുണ്ടായിരുന്നത്. 128.15 ലക്ഷം രൂപയാണ് നികുതിയടച്ചത്.

മനോരമ മുന്‍പത്രാധിപര്‍ കെ.എം മാത്യുവിന്റെ അനുജനാണ് മാമ്മന്‍ മാപ്പിള.

അതേസമയം കൊച്ചി ഐ.പി.എല്‍ ടീം ഉടമകളിലൊരാളായ ഹര്‍ഷദ് മേത്തയ്ക്ക് 536 ലക്ഷവും സഹോദരന്‍ അരുണ്‍ മേത്തയ്ക്ക് 537 ലക്ഷത്തിന്റെയും കള്ളപ്പണത്തിന്റെ നിക്ഷേപമുണ്ടെന്നും കണ്ടെത്തി. ഇവര്‍ക്ക് യഥാക്രമം 307.77, 308.8 ലക്ഷം രൂപ നികുതിയടക്കേണ്ടിവരും.

വിദേശത്ത് നിക്ഷേപമുള്ള 23 ഇന്ത്യക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. ഇവരില്‍ 18 പേരില്‍ മനോരമ കുടുംബാംഗവും കൊച്ചി ഐപില്‍ ടീം ഉള്‍പ്പെട്ടു. മുമ്പ് തെഹല്‍ക മാഗസിന്‍ നടത്തിയ അന്വേഷണത്തില്‍ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെട്ടിരുന്നെങ്കിലും എത്ര രൂപയുടെ നിക്ഷേപമുണ്ടെന്ന കാര്യം വ്യക്തമായിരുന്നില്ല.

നിക്ഷേപകര്‍ക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സിബിഐ കേസ് അന്വേഷിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൈവശമുളള വിശദാംശരേഖകള്‍ സിബിഐയ്ക്കു കൈമാറും. അതേസമയം ലക്ഷക്കണക്കിനു രൂപ നികുതിയടച്ചതുകൊണ്ട് പ്രശ്‌നം തീരുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. പണത്തിന്റെ സ്രോതസ്സും എന്തിനുവേണ്ടി ഉപയോഗിച്ചു എന്നുള്ള കാര്യവും നിക്ഷേപകര്‍ വ്യക്തമാക്കേണ്ടിവരും. രാജ്യത്തിനെതിരായുള്ള പ്രവര്‍ത്തനമോ ആയുധക്കടത്തോ ആയിരുന്നോ ലക്ഷ്യമെന്നും സിബിഐ അന്വേഷിക്കും.

അഴിമതിയ്ക്കും വിദേശത്തുള്ള കള്ളപ്പണനിക്ഷേപത്തിനുമെതിരെ അണ്ണാഹസാരെയും ബാബാ രാംദേവും പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ ഈ കണ്ടെത്തലിന് വളരെയധികം പ്രാധാന്യമുണ്ട്.