എഡിറ്റര്‍
എഡിറ്റര്‍
മനോജ് വധം: പാര്‍ട്ടിയുടെ നിര്‍ദേശമനുസരിച്ചാണ് അജിത്ത് പ്രതിയായതെന്ന് ബന്ധുക്കള്‍
എഡിറ്റര്‍
Thursday 27th September 2012 11:25am

കോഴിക്കോട്: മനോജ് വധക്കേസില്‍ സി.പി.ഐ.എം തങ്ങളുടെ മകനെ ചതിച്ചതായി ഒന്നാം പ്രതി അജിത്തിന്റെ ബന്ധുക്കള്‍. അജിത്തിന്റെ ഭാര്യയും അമ്മയുമാണ് പാര്‍ട്ടിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

മൂന്ന് മാസം കൊണ്ട് ജയിലില്‍ നിന്നും ഇറക്കിത്തരാമെന്ന് പറഞ്ഞാണ് അവരെ കേസില്‍ പ്രതികളാക്കിയത്. എന്നാല്‍ ജയിലിലായ ശേഷം പാര്‍ട്ടിക്കാര്‍ ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല.

Ads By Google

പാര്‍ട്ടി നേതാവിന്റെ നിര്‍ദേശമനുസരിച്ചാണ് മനോജ് വധക്കേസ് അന്വേഷണം സി.ഐ നടത്തുന്നത്. മനോജ് വധത്തിന് ശേഷം പോലീസ് വീട്ടില്‍വന്ന് പരിശോധന നടത്തിയിരുന്നു. അന്ന് അവിടെ നിന്നും വടിവാള്‍ കണ്ടെടുത്തെന്നാണ് പറയുന്നത്. എന്നാല്‍ അത്തരത്തിലുള്ള ഒരു തെളിവും പോലീസിന് ലഭിച്ചിരുന്നില്ലെന്നും അത് കെട്ടിച്ചമച്ച കഥയായിരുന്നെന്നും അജിത്തിന്റെ അമ്മ ആരോപിക്കുന്നു.

അജിത്തിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയാല്‍ സത്യാവസ്ഥ പുറത്ത് വരും. അതിലൂടെ മാത്രമേ അജിത്തിന് കേസില്‍ നിന്നും പുറത്ത് വരാന്‍ കഴിയുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടി തങ്ങളെ വഞ്ചിച്ചതായി കേസിലെ പ്രതികള്‍ ഇന്നലെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടി തങ്ങളെ ആസൂത്രിതമായി കേസില്‍ കുടുക്കുകയായിരുന്നെന്നാണ് പ്രതികള്‍ പറയുന്നത്. രക്ഷപ്പെടുത്താമെന്ന് വാക്ക് തന്നിട്ടാണ് പ്രതിയായതെന്നാണ് ഒന്നാം പ്രതിയായ അജിത് കുമാര്‍ ഇന്നലെ പറഞ്ഞത്.

പാര്‍ട്ടി തങ്ങളെ വഞ്ചിക്കുകയായിരുന്നു. യഥാര്‍ത്ഥ പ്രതികളെ പോലീസിനറിയാം. കേസ് അന്വേഷിക്കുന്ന സി.ഐ ഡി.വൈ.എഫ്.ഐക്കാരനാണെന്ന് പാര്‍ട്ടി പറഞ്ഞിരുന്നെന്നും കോടതി മുറ്റത്ത് വെച്ച് പ്രതികള്‍ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു.

മനോജ് വധക്കേസില്‍ നുണപരിശോധനക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോഴിക്കോട് മൂന്നാം അഡീഷണല്‍  കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതികള്‍ പറഞ്ഞു.

നേരത്തേ കേസിലെ പതിനാല് പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രതികളായതെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും ആവശ്യപ്പെട്ടായിരുന്നു നുണ പരിശോധന ആവശ്യപ്പെട്ടത്.

2012 ഫെബ്രുവരി 12നാണ് ബി.ജെ.പി പ്രവര്‍ത്തകനായ മനോജിനെ അയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരുക്കേറ്റ മനോജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

Advertisement