മനോജ്.കെ.ജയന്‍ സ്ത്രീ വേഷത്തിലെത്തുന്ന ചിത്രമാണ് അര്‍ധനാരി. പുരുഷ ശരീരവും സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന മഞ്ജുളന്‍ എന്ന കഥാപാത്രത്തേയാണ് മനോജ്.കെ.ജയന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവാഗതനായ ഡോ. സന്തോഷ് സൗപര്‍ണികയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Ads By Google

മലയാളത്തിലെ മിക്ക നടന്മാരും സ്ത്രീ വേഷത്തിലെത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗായകന്‍ എം.ജി. ശ്രീകുമാറാണ്. എം.ജി ശ്രീകുമാര്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് അര്‍ധനാരി.

തിലകന്‍ അവസാനമഭിനയിച്ച ചിത്രം കൂടിയാണ് അര്‍ധനാരി. സമൂഹത്തില്‍ ഹിജഡകള്‍ നേരിടുന്ന വിവേചനവും പരിഹാസവും മാനസിക സമ്മര്‍ദ്ദവുമൊക്കെയാണ് അര്‍ധനാരിയില്‍ പറയുന്നത്.

നാട്ടുകാരുടെ പരിഹാസവും വീട്ടുകാരുടെ അവഗണനയും സഹിക്കാന്‍ കഴിയാതെ മഞ്ജുളന്‍ നാടുവിടുകയും തന്നെ പോലുള്ളവര്‍ ഒന്നിച്ച് ജീവിക്കുന്ന തെങ്കാശിയില്‍ എത്തിച്ചേരുകയും ചെയ്യുന്നതോടെയാണ് കഥ വികസിക്കുന്നത്.

ഒരേ ചിന്താഗതിക്കാര്‍ക്കിടയില്‍ മഞ്ചുളന്‍ ഒരു സ്ത്രീയായി ജീവിക്കുന്നു. എന്നാല്‍ അവിചാരിതമയി ഉണ്ടാകുന്ന ചില സംഭവങ്ങള്‍ മഞ്ജുളന്റെ ജീവിതം വീണ്ടും മാറ്റിമറിക്കുന്നു.

സായ്കുമാര്‍, മണിയന്‍പിള്ളരാജു, സുരാജ് വെഞ്ഞാറമൂട്, കൊച്ചു പ്രേമന്‍, ഇര്‍ഷാദ്, വിദ്യാശങ്കര്‍, മൈഥിലി, മഹാലക്ഷ്മി, അംബികാ മോഹന്‍ തുടങ്ങിയവരാണ്  ചിത്രത്തിലെ മറ്റ് താരങ്ങള്‍. തെങ്കാശിയില്‍ ജീവിക്കുന്ന ഹിജഡകളുടെ നേതാവായി തിലകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

വി.മധുസുദനന്‍ നായര്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് എം.ജി ശ്രീകുമാര്‍ തന്നെയാണ് ഈണം നല്‍കിയിരിക്കുന്നത്.