ഇടുക്കി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നാര്‍ സ്വദേശി മനോജിനെ ജാമ്യത്തില്‍ വിട്ടു. ഇയാളുടെ വീട്ടില്‍ മാവോയിസ്റ്റ് ബന്ധമുള്ള ചിലയാളുകള്‍ എത്തിയതായി ഇന്റ്ലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് മനോജിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാലിത് തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മനോജിന് ജാമ്യം ലഭിച്ചത്.

അതേസമയം, മനോജിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സംസ്ഥാനത്ത് ഉയര്‍ന്നു വരുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന പെണ്‍മ്പിളൈ ഒരുമൈ സമരം പിന്‍വലിപ്പിക്കാനാണ് ഈ നീക്കമെന്നും ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.


Also Read: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരായ സമരത്തില്‍ പ്രതിഷേധക്കാര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം; യുവാവിന്റെ വൃഷ്ണം തകര്‍ത്തു


പെണ്‍മ്പിളൈ ഒരുമൈയുടെ സമരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് മനോജെന്നും അദ്ദേഹത്തിന് മാവോയിസ്റ്റ് ബന്ധമില്ലെന്നും പെണ്‍മ്പിളൈ ഒരുമൈ നേതാവ് ഗോമതി വ്യക്തമാക്കി. അതേസമയം, അറസ്റ്റിന് പിന്നില്‍ സമരത്തോടും സമരക്കാരോടുമുള്ള സര്‍ക്കാരിന്റെ പ്രതികാരമാണെന്നും ഗോമതി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Don’t Miss: ‘മെട്രോയുടെ തൂണില്‍ ഏണി ചാരിവച്ച് സിമന്റ് പൂശിക്കൊണ്ടിരുന്ന ആളുടെ മുഖത്ത് കെട്ടിയ ടവല്‍ അഴിഞ്ഞുവീണതും ഞാന്‍ ഞെട്ടി.. !! സാക്ഷാല്‍ മോദിജി.. !!


2015 ലെ പെണ്‍മ്പിളൈ ഒരുമൈ സമരത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോയത് മനോജ് ഉള്‍പ്പെടുന്ന പ്രവര്‍ത്തകര്‍ ആയിരുന്നു. പൊമ്പിളൈ ഒരുമൈ ‘ഒരേക്കര്‍ ഭൂമി ഒരു തൊഴിലാളി കുടുംബത്തിന്’ എന്ന ആവശ്യം ഉന്നയിച്ച് രണ്ടാം ഘട്ട സമരം തുടങ്ങിയത് മുതലാണ് ഇവരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കാന്‍ തുടങ്ങിയതെന്നും മനോജിന് അത്തരം ഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്നും സാമൂഹിക പ്രവര്‍ത്തകനായ സന്തോഷ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.