ന്യൂദല്‍ഹി: അസര്‍ബജാനില്‍ നടക്കുന്ന ലോക ബോക്‌സിങ്ങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ വിജയ കുതിപ്പ തുടരുന്നു. വെള്ളിയാഴ്ച നടന്ന് മത്സരത്തില്‍ ബഹാമാസിന്റെ വാലെന്റിനോ നോള്‍സിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ മനോജ്കുമാര്‍ രണ്ടാം റൗണ്ടില്‍ കടന്നു. ലൈറ്റ് ഹെവിവെയ്റ്റ് വിഭാഗത്തില്‍ എതിരാളിക്കെതിരെ 17-11നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

ആദ്യറൗണ്ട് അവസാനിച്ചപ്പോള്‍ 5-4 എന്ന നിലയില്‍ ഒരു പോയന്റിന്റെ ലീഡ് മാത്രമാണ് ഇന്ത്യന്‍ താരത്തിനുണ്ടായിരുന്നത്. രണ്ടാം റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത മനോജ് 11-8 എന്ന നിലയില്‍ ലീഡ ആറ് പോയന്റായിക്കി ഉയര്‍ത്തി. മത്സരത്തിന്റെ അവസാന മൂന്ന് മിനിറ്റില്‍ അവസരോചിതമായ കൗണ്ടര്‍ പഞ്ചുകളിലൂടെ ആറ് പോയന്റ് നേടിയ മനോജ് രണ്ടാം റൗണ്ടിലേക്ക് കടന്നു.

എന്നാല്‍ അടുത്ത റൗണ്ടില്‍ മനോജിനെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടം തന്നെയാണ്. യൂറോപ്യന്‍ ചാംപ്യനും നാലാം സീഡുമായ അയര്‍ലന്‍ഡിന്റെ റെയ്മണ്ട് മൊയ്‌ലെറ്റെയാണ് എതിരാളി. ശനിയാഴ്ച 75 കിലോഗ്രാം വിഭാഗത്തില്‍ ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് വിജേന്ദര്‍കുമാര്‍ ആദ്യ റൗണ്ടില്‍ മല്‍സരിക്കും.

ക്യൂബയുടെ ഒളിപിക്‌സ് വെള്ളിമെഡല്‍ ജേതാവായ എമിലോ കൊറിയോയാണ് വിജേന്ദറിന്റെ എതിരാളി. 60 കിലോഗ്രാം വിഭാഗത്തില്‍ ദില്ലി കോമണ്‍വെല്‍ത്ത ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ ജയ് ഭഗവാനും ശനിയാഴ്ച ഇറങ്ങുന്നുണ്ട്.