ചണ്ഡീഗഡ്: ഗുര്‍മീത് റാം റഹീം സിങിന് ബലാല്‍സംഗ കേസില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്നുണ്ടായ കലാപങ്ങള്‍ നേരിടുന്നതില്‍ സര്‍ക്കാരിന് വിജയിക്കാന്‍ കഴിഞ്ഞൂവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കുറഞ്ഞ സേനയെ ഉപയോഗിച്ച് നാശനഷ്ടം കുറയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നാണ് ഖട്ടാറിന്റെ വാദം.

സര്‍ക്കാര്‍ സംഘര്‍ഷത്തെ നേരിട്ട രീതി വ്യാപകമായി വിമര്‍ശിക്കപ്പെടുമ്പോഴാണ് സ്വയം ന്യായീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഖട്ടാറിന്റെ പ്രതികരണം.


Also Read: ആദ്യം മനസിലാക്കേണ്ടത് അവര്‍ക്ക് യാതൊരു അമാനുഷിക ശക്തിയുമില്ലെന്നാണ്; ആള്‍ ദൈവങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി ഗോപീനാഥ് മുതുകാടിന്റെ വീഡിയോ


അതേസമയം സംഘര്‍ഷങ്ങളില്‍ നാട് കത്തുമ്പോള്‍ സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന ഹൈക്കോടതി വിമര്‍ശനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ബിജെപി മുഖ്യമന്ത്രി അക്രമത്തിന് കൂട്ടുനിന്നെന്നും ഗുര്‍മീതിന്റെ അനുനായികള്‍ സംസ്ഥാനത്തെ കലാപഭൂമിയാക്കുന്നത് തടുക്കാന്‍ ഹരിയാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

ഗുര്‍മീതിനെതിരായ വിധി വന്നതിനുശേഷം സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടൂവെന്നും സംയമനത്തോടെ സംഘര്‍ഷത്തെ നേരിട്ടെന്നും ഖട്ടാര്‍ കൂട്ടിച്ചേര്‍ത്തു. അക്രമസംഭവത്തില്‍ ഹരിയാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.