ചണ്ഡീഗഢ്: പഞ്ചകുളയില്‍ സംഘടിപ്പിച്ച മീറ്റ് ദ സിഎം പ്രോഗ്രാമിനിടെ വിദ്യാര്‍ഥികളോട് പൊട്ടിത്തെറിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. പരിപാടിയ്ക്കിടെ ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് പറഞ്ഞ് മുന്നോട്ടുവന്ന എന്‍.എസ്.യു.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളോടാണ് മുഖ്യമന്ത്രി കുപിതനായത്.

എന്തുകൊണ്ട് നേരത്തെ അപ്പോയിന്‍മെന്റ് എടുത്തില്ലയെന്ന് ചോദിച്ചാണ് മുഖ്യമന്ത്രി രോഷാകുലനായത്. വീട്ടില്‍ വന്ന് തന്നെ കാണാവുന്നതാണല്ലോ, വീട് അധികം അകലെയൊന്നുമല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

ഖട്ടാര്‍ വിദ്യാര്‍ഥികളോട് രോഷാകുലനാകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റം എന്ന തരത്തിലാണ് വീഡിയോ ആഘോഷിക്കപ്പെടുന്നത്.

‘എന്റെ വീട് അധികം അകലെയൊന്നുമല്ലല്ലോ. ഞാന്‍ ജനങ്ങളെ കാണാറില്ലെന്നും പറയാനാവില്ല. ഞാന്‍ എല്ലാവരേയും കാണാറുണ്ട്. എന്റെ പരിപാടി തടസപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല.’ എന്നാണ് ഖട്ടാര്‍ വിദ്യാര്‍ഥികളോടു പറഞ്ഞത്.

‘സര്‍, ഞങ്ങള്‍ക്കുവെറും 60 സെക്കന്റ് സമയം മതി. ദയവായി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ’ എന്നായിരുന്നു ഇതിനോടു പ്രതികരിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയോടു പറഞ്ഞത്.

മുഖ്യമന്ത്രി പിന്നീട് സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം സ്ഥലം വിട്ടു. എന്നാല്‍ സംഭവം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ ചോദ്യം ചോദിക്കാന്‍ മുതിര്‍ന്ന രണ്ട് യുവാക്കളെയും പൊലീസ് വിളിപ്പിച്ചു. ഇരുവര്‍ക്കുമെതിരെ പഞ്ചകുള പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്റെ ജോലി തടസപ്പെടുത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.