സാവോ പോളോ: ബ്രസീല്‍ പരിശീലകസ്ഥാനത്ത് നിന്നും മാനൊ മെനേസസിനെ മാറ്റി. ടീമിലെ മോശം പ്രകടനം പല മത്സരങ്ങളിലും ആവര്‍ത്തിക്കുന്നതിലാണ് കോച്ചിനെ മാറ്റിയതെന്നാണ് അറിയുന്നത്. 2014 ലെ ഫിഫ ലോകകപ്പിന് ബ്രസീല്‍ തയ്യാറെടുക്കുന്നതിനിടെ കോച്ചിനെ മാറ്റിയ തീരുമാനം ഏറെ വിവാദങ്ങള്‍ക്കും വഴി വെച്ചിട്ടുണ്ട്.

Ads By Google

ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫിഡറേഷന്റെ നാഷണല്‍ സ്ക്വാഡ് ഡയരക്ടര്‍ ആന്‍ഡ്രസ് സാഞ്ചസ് ആണ് ഇക്കാര്യം അറിയിച്ചത്.

‘ഇത്തരമൊരു വാര്‍ത്ത കേള്‍ക്കാന്‍ ആരും ആഗ്രഹിക്കില്ല. എന്നാല്‍ ഫുട്‌ബോളിനെ കുറിച്ച് അറിയുന്നവര്‍ക്ക് ഇത് മനസിലാകും. മാനോ മെനേസസിനെ കോച്ച് പദവിയില്‍ നിന്നും മാറ്റുകയാണ്. ജനുവരിയോടെ പുതിയ കോച്ചിനെ പ്രഖ്യാപിക്കും’- ആന്‍ഡ്രസ് പറഞ്ഞു.

2010ല്‍ കാര്‍ലോസ് ദുംഗയുടെ പിന്‍ഗാമിയായാണ് മെനേസസ് മഞ്ഞപ്പടയുടെ പരിശീലകസ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ഹോളണ്ടിനോട് തോറ്റതോടെയാണ് ദുംഗ പുറത്തായത്.

2010 ഓഗസ്റ്റ് പത്തിന് അമേരിക്കയ്‌ക്കെതിരെ ആയിരുന്നു മെനേസസയുടെ കീഴില്‍ ബ്രസീലിന്റെ ആദ്യ മത്സരം. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ചു.

തുടര്‍ന്ന് മെനേസസയുടെ പരിശീലനത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഇറങ്ങിയ അഞ്ചാമത്തെ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ പരാജയപ്പെട്ടു.

ഈ വര്‍ഷം ജൂണില്‍ നടന്ന സൗഹൃദമത്സരത്തില്‍ മെക്‌സിക്കോയോടും അര്‍ജന്റീനയോടും ബ്രസീല്‍ അടിയറവ് പറഞ്ഞു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാന്‍ കഴിയാതെ പോയതും കോപ്പാ അമേരിക്കയില്‍ പരാഗ്വേയോടേറ്റ തോല്‍വിയും മെനേസയുടെ കഴിവിനെ ചോദ്യം ചെയ്യുന്നതായിരുന്നു.

എന്നാല്‍ സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ബ്രസീല്‍ തിരിച്ചുവരവ് നടത്തി. എന്നാല്‍ അതിന് പിന്നാലെ തന്നെയാണ് മെനേസയെ മാറ്റാന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫിഡറേഷന്‍ തീരുമാനിക്കുന്നത്.