Administrator
Administrator
ഇടപ്പള്ളി-മണ്ണൂത്തി ടോള്‍: പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളെന്ന്; സമര സമിതി നിരാഹാരം തുടങ്ങി
Administrator
Monday 13th February 2012 3:41pm

തൃശൂര്‍: ഇടപ്പള്ളി-മണ്ണൂത്തി പാതയില്‍ നടക്കുന്ന ടോള്‍ പിരിവിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ മടിക്കുന്നതെന്നും സമരസമിതി നേതാവ് ടി.എല്‍ സന്തോഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാത ടോള്‍പിരിവിനെതിരെ ടോള്‍വിരുദ്ധസമരസമിതി പ്രവര്‍ത്തകരുടെ നിരാഹാരം ആരംഭിച്ച സാഹചര്യത്തില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു.

പാലിയേക്കരയിലെ ടോള്‍പ്ലാസ പൊളിച്ചുമാറ്റു, നികുതിക്കു പുറമേ ടോള്‍ പിരിക്കുന്നത് ഒഴിവാക്കുക, മണ്ണൂത്തി-അംഗമാലി റോഡ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കോണ്‍ഗ്രസ് നേതാവും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ കല്ലൂര്‍ ബാബു, എന്‍.എന്‍.ഡി.പി പ്രവര്‍ത്തകനായ ടി.വി കൊച്ചുകുട്ടന്‍, ഫ്രെഡി (സി.പി.ഐ.എം റെഡ്ഫല്‍ഗ്), വി.സി അജയന്‍ (സി.പി.ഐ. എം.എല്‍) തുടങ്ങിയവരാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്.

പാലിയേക്കരയിലെ ടോള്‍പ്ലാസയില്‍ കെ.എന്‍.സി എന്ന കമ്പനി നടത്തുന്ന ടോള്‍പിരിവിനെതിരെയാണ് ഇവര്‍ സമരം നടത്തുന്നത്. പൊതുവഴി പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ളതാണെന്നും അതിനായി കൊള്ളപ്പിരിവ് നടത്തരുതെന്നും ഇതിനെതിരെ ശക്തമായി സമരം നടത്തുമെന്നും സമരക്കാരിലൊരാളായ ടി.എല്‍ സന്തോഷ് പറഞ്ഞു.

റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 323 കോടിരൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ഇവിടെ ഒരുദിവസം ഒന്നേകാല്‍ കോടിരൂപയോളമാണ് ടോള്‍പിരിവിലൂടെ ലഭിക്കുക. കഴിഞ്ഞദിവസം ടോള്‍വിരുദ്ധ സമരസമിതി നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍മാത്രം ഒരു കോടി രൂപക്ക് മുകളില്‍ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ കണക്കുകൂട്ടുകയാണെങ്കില്‍ വര്‍ഷം 500 കോടിയിലേറെയാണ് ഇവര്‍ പിരിച്ചെടുക്കുന്നത്. മൊത്തവിലസൂചിക അനുസരിച്ചാണ് ടോള്‍ കണക്കാക്കുകയെന്നതിനാല്‍ ഓരോ വര്‍ഷവും ഇത് വര്‍ധിക്കാനാണ് സാധ്യതയെന്നും സന്തോഷ് പറഞ്ഞു.

നേരത്തെ ഈ ടോള്‍പിരിവിനെതിരെ സമരസമിതി പ്രവര്‍ത്തകര്‍  വി.എസ് സര്‍ക്കാരിനും ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും പരാതി നല്‍കിയിരുന്നു. വി.എസ് സര്‍ക്കാര്‍ 2010 ഏപ്രില്‍ 30ന് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. സര്‍വകക്ഷിയോഗം പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചതനുസരിച്ച് അദ്ദേഹത്തെ കണ്ടശേഷം വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് പൊതുവഴി പൊതുജനങ്ങള്‍ക്കുള്ളതാണെന്നാണ്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം കാരണം
പിന്നീട് അദ്ദേഹം നിലപാട് മാറ്റിയെന്നും സന്തോഷ് പറഞ്ഞു.

‘ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറയുന്നത് അത് മുന്‍പ് ഉണ്ടാക്കി പോയ കരാറാണെന്നാണ്. അങ്ങനെയെങ്കില്‍  സര്‍ക്കാരിന് പണം നല്‍കി ഈ റോഡുകള്‍ ഏറ്റെടുത്തുകൂടേ. പണമില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഒരുലിറ്റര്‍ പെട്രോളില്‍ നിന്നും മൂന്ന് രൂപയാണ് ദേശീയപാത സെസ് ഇനത്തില്‍ സര്‍ക്കാര്‍ വാങ്ങുന്നത്. വര്‍ഷം ആയിരക്കണക്കിന് കോടിരൂപ ഈ ഇനത്തില്‍ തന്നെ ലഭിക്കുന്നുണ്ട്. കൂടാതെ വാഹനം എടുത്തശേഷം ആദ്യം 15 വര്‍ഷത്തേക്കുള്ള റോഡ് നികുതിയാണ് ഒരുമിച്ചുവാങ്ങുന്നത്. പിന്നീട് ഓരോവര്‍ഷവും നികുതി വേറെയും വാങ്ങുന്നു.’ സന്തോഷ് പറഞ്ഞു.

ടോള്‍പിരവ് നടത്തുന്ന കമ്പനിയുടെ ഉടമസ്ഥതരില്‍ ചില കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്നും അതുകൊണ്ടാണ് ഈ സ്വകാര്യകമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചില വിദേശികളും ഈ കമ്പനിയുടെ പിറകിലുണ്ടെന്ന് സൂചനയുള്ളതായി അദ്ദേഹം പറഞ്ഞു.
Malayalam News
Kerala News in English

Advertisement