പത്ത് വര്‍ഷത്തിനിടയില്‍ മൂന്നാമതായി നടത്തുന്ന വാര്‍ത്താ സമ്മേളനം. തിരഞ്ഞെടുപ്പ് വാതില്‍ പടിക്കല്‍. സര്‍ക്കാറിന്റെ കരുത്തും വീഴ്ച്ചയും കൃത്യമായി വിലയിരുത്തിയുള്ള പത്ര സമ്മേളനം പ്രതീക്ഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായത് മിച്ഛം.


manmohan-singh

ഇന്ത്യയുടെ പ്രധാനമന്ത്രിയായി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ##മന്‍മോഹന്‍ സിങ് നടത്തിയ മൂന്നാമത്തെ ഔദ്യോഗിക വാര്‍ത്താ സമ്മേളനമായിരുന്നു ഇന്നലെ നടന്നത്.

പത്ത് വര്‍ഷത്തെ സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളേയും കോട്ടങ്ങളേയും വിലയിരുത്തിക്കൊണ്ടുള്ള പക്വതയാര്‍ന്ന വാര്‍ത്ത സമ്മേളനം പ്രതീക്ഷിച്ചിടത്ത് കണ്ടത് സര്‍ക്കാറിന്റെ വീഴ്ച്ചകള്‍ക്ക് നേരെ കണ്ണടക്കുകയും സര്‍ക്കാറിനെതിരെയുള്ള പച്ചവെള്ളം പോലെ തെളിഞ്ഞ അഴിമതിയാരോപണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയെയാണ്.

മന്‍മോഹന്‍ സിങ്ങിന്റെ നീണ്ട മൗനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പറയേണ്ടത് പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഈ ഉത്തരത്തിനൊരു മറുചോദ്യമുണ്ട്. സര്‍ക്കാറിനെതിരെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടി  എവിടെ പോയിട്ടാണ് അദ്ദേഹം നല്‍കിയത്?

സര്‍ക്കാറിന്റെ വീഴ്ച്ചകളെ വിലയിരുത്തേണ്ടിടത്ത് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്നതിലായിരുന്നു മന്‍മോഹന്‍ സിങ് പ്രാധാന്യം നല്‍കിയത്.

നേരത്തേ നിരവധി തവണ കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം കടുത്ത ആരോപണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ നിശിതമായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനം.

ഗുജറാത്തിന്റെ തെരുവുകളില്‍ നിരപരാധികളെ കൊന്നൊടുക്കിയ കരുത്തന്‍ എന്നാണ് മോഡിയെ മന്‍മോഹന്‍ വിശേഷിപ്പിച്ചത്. മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ വിനാശമാണെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി.

ഒന്നാം യു.പി.എ സര്‍ക്കാറിന്റെ അഴിമതികളെ ജനം തള്ളിക്കളഞ്ഞത് കൊണ്ടാണ് വീണ്ടും യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് എന്ന് പറഞ്ഞ മന്‍മോഹന്‍ സിങ് ഒരു കാര്യം വിസ്മരിച്ചു.

ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്തെ അഴിമതികള്‍ പുറത്ത് വരുന്നത് രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്താണ്. ഇനിയൊരു തവണ കൂടി ജനങ്ങള്‍ കോണ്‍ഗ്രസിന് അധികാരം നല്‍കാതിരുന്നാല്‍ മന്‍മോഹന്‍ സിങ്ങിന് കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാകുമായിരിക്കും.

കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം വിലക്കയറ്റമാണെന്നും മന്‍മോഹന്‍ സിങ് തുറന്ന് പറഞ്ഞു. എന്നാല്‍ വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നും അത് പരിഹരിക്കുക വിഷമകരമാണെന്നും തുറന്ന് പറയുന്നതിലൂടെ മന്‍മോഹന്‍ സര്‍ക്കാറിന്റെ നിസ്സഹായവസ്ഥയും വെളിപ്പെടുന്നു.

പത്ത് വര്‍ഷത്തിനിടയില്‍ മൂന്നാമതായി നടത്തുന്ന വാര്‍ത്താ സമ്മേളനം. തിരഞ്ഞെടുപ്പ് വാതില്‍ പടിക്കല്‍. സര്‍ക്കാറിന്റെ കരുത്തും വീഴ്ച്ചയും കൃത്യമായി വിലയിരുത്തിയുള്ള പത്ര സമ്മേളനം പ്രതീക്ഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായത് മിച്ഛം.

തന്റെ പത്ത് വര്‍ഷം നീണ്ട ഭരണകാലത്തെ ഏറ്റവും വലിയ നേട്ടമായി മന്‍മോഹന്‍ സിങ് ഉയര്‍ത്തിക്കൊണ്ട് വന്നത് ഇന്ത്യ-അമേരിക്ക ആണവകരാറാണ്. അതിന്റെ ഫലം അതെന്തായാലും കാത്തിരുന്ന് കാണാം.