ഹനോയി: ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പ്രധാനമമന്ത്രി വെന്‍ ജിയാബോ ഡിസംബര്‍ അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കും. ആസിയാന്‍ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ മന്‍മോഹന്‍ സിംഗും- ജിയാബോയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ചില നിര്‍ണായക തീരുമാനങ്ങളെടുത്തത്.

ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വ്യാപാര-വാണിജ്യ ബന്ധങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു എന്നാണ് സൂചന. അതിനിടെ ചൈനയുടെ വിസനിഷേധത്തെ തുടര്‍ന്ന് റദ്ദാക്കപ്പെട്ട പ്രതിരോധബന്ധങ്ങള്‍ പുനരാരംഭിക്കുന്ന കാര്യങ്ങളൊന്നും ചര്‍ച്ചയില്‍ വന്നില്ല എന്നാണ് സൂചന.

മേഖലയില്‍ ചൈനയുടെ അധീശത്വത്തിന് തടയിടാനായി ജപ്പാന്‍, സിംഗപ്പൂര്‍, മാലിദ്വീപ് എന്നീ രാഷ്ട്രങ്ങളുമായി ഇന്ത്യ കൂടുതല്‍ അടുക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ആസിയാന്‍ ഉച്ചകോടി നടക്കുന്നത്.