എഡിറ്റര്‍
എഡിറ്റര്‍
ഇനി പ്രധാനമന്ത്രിയാകാനില്ല: തിരഞ്ഞെടുപ്പ് വരെ തത്സ്ഥാനത്ത് തുടരും: മന്‍മോഹന്‍ സിങ്
എഡിറ്റര്‍
Friday 3rd January 2014 11:34am

manmohansing

ന്യൂദല്‍ഹി: പ്രധാനമന്ത്രിയായി മൂന്നാം ഊഴത്തിനില്ലെന്ന് ഡോ. മന്‍മോഹന്‍ സിങ്. തിരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. തിരഞ്ഞെടുപ്പിന് ശേഷം യു.പി.എയ്ക്ക് പുതിയ പ്രധാനമന്ത്രിയായിരിക്കും ഉണ്ടായിരിക്കുകയെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ഇനി പ്രധാനമന്ത്രിയാകാനില്ല. തിരഞ്ഞെടുപ്പിന് ശേഷം ബാറ്റണ്‍ കൈമാറും.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് സമയത്ത് പ്രഖ്യാപിക്കുമെന്ന് സോണിയാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി.

രാഹുല്‍ ഗാന്ധിക്ക് കഴിവുണ്ട്. അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം പാര്‍ട്ടി കൂടിയാലോചിക്കുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

മൂന്നു വര്‍ഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇന്ന്. എല്ലാവര്‍ക്കും പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു വാര്‍ത്താ സമ്മേളനം ആംഭിച്ചത്.

ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യ സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി അറിയിച്ചു. എന്നാല്‍ ലോകത്തെ സാമ്പത്തിക മാന്ദ്യം ബാധിച്ചപ്പോള്‍ വലിയൊരളവില്‍ ഇന്ത്യയ്ക്കും അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സര്‍ക്കാരിന് പാഠമായെന്നും പല കാര്യങ്ങളും അതിലൂടെ പഠിക്കാനായെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

സര്‍ക്കാറിന്റെ നടപടികള്‍ ന്യായീകരിച്ച പ്രധാനമന്ത്രി ഭരണനേട്ടങ്ങള്‍ നിരത്തിയാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്.
രാജ്യത്തെ സബ്‌സിഡി സംവിധാനം ആധാറുമായി ബന്ധപ്പെടുത്തിയത് ചരിത്രനേട്ടമാണ്. ഇതേ വരെ 300 കോടി രൂപ സബ്‌സിഡിയായി വിതരണം ചെയ്തുകഴിഞ്ഞു. ബിപിഎല്‍ വിഭാഗക്കാരുടെ എണ്ണം 13.89 കോടി കുറഞ്ഞുവെന്നുംഅദ്ദേഹം അവകാശപ്പെട്ടു.

സ്‌പെക്ട്രം ഇടപാട് സുതാര്യമാക്കണമെന്ന് പറഞ്ഞത് ഞാനാണ്. കല്‍ക്കരിപ്പാടം ഇടപാടും സുതാര്യമാക്കണമെന്ന് ആദ്യം എഴുതിയത് ഞാനാണ്. ചരിത്രം എഴുതുപ്പെടുമ്പോള്‍ ഞങ്ങള്‍ കുറ്റവിമുക്തരാകും.

പല പ്രശ്‌നങ്ങളും സി.എ.ജിയും മാധ്യമങ്ങളും പെരുപ്പിച്ച് കാണിക്കുകയായിരുന്നു. വികസനപദ്ധതികള്‍ അധികാരം ഉള്ളിടത്തോളം തുടരും. അതിന് ഒന്നും തടസമാകില്ല.

പത്ത് വര്‍ഷം എന്തുകൊണ്ട് മിണ്ടാതിരുന്നെന്ന ചോദ്യത്തിന് പറയേണ്ടത് പറയേണ്ടിടത്ത് പറയാറുണ്ട്. നേരിട്ട് തന്നെ പറയാറുണ്ടെന്നായിരുന്നു മറുപടി.

ദുര്‍ബലനായ പ്രധാനമന്ത്രിയാണ് താനെന്നത് കണ്ടുപിടിക്കേണ്ടത് ബി.ജെ.പിയല്ല ഭാവിയിലെ ചരിത്രകാരന്മാരാണ്.

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ രാജ്യം മുടിയും. ശക്തനായ നേതാവെന്നാല്‍ കൂട്ടക്കുരുതിക്ക് കൂട്ടുനില്‍ക്കുന്ന ആളെന്നല്ല അര്‍ത്ഥം.  നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്നതല്ല ശക്തമായ നേതൃത്വം.

അമേരിക്കയുമായുണ്ടായ നയതന്ത്ര പ്രശ്‌നങ്ങള്‍ താല്‍ക്കാലികം മാത്രമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധങ്ങള്‍ തുടരും. പാക്കിസ്ഥാനുമായി മെച്ചപ്പെട്ട ബന്ധമുണ്ടാകേണ്ടത് അത്യാവശ്യമാണ്.

ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ വിശ്വസിച്ചു. അത് അംഗീകരിക്കണം. വിലക്കയറ്റം കോണ്‍ഗ്രസിനെതിരെയുള്ള ജനവികാരമായി മാറി.

 

 

 

Advertisement