എഡിറ്റര്‍
എഡിറ്റര്‍
തമിഴ്നാടിന്റെ വികാരം മാനിച്ചാണ് ചോഗത്തില്‍ പങ്കെടുക്കാത്തതെന്ന് മന്‍മോഹന്‍സിങ് പറഞ്ഞിട്ടില്ല:രജപക്‌സെ
എഡിറ്റര്‍
Thursday 14th November 2013 12:51pm

rajapakse

ശ്രീലങ്ക: തമിഴ്‌നാടിന്റെ പൊതുവികാരം കണക്കിലെടുത്താണ് ചോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രജപക്‌സെ.

തമിഴ്ജനതയുടെ പൊതു വികാരം മാനിച്ചാണ് വെള്ളിയാഴ്ച്ച നടക്കുന്ന ചോഗം സമ്മേളനത്തില്‍ നിന്ന് മന്‍മോഹന്‍സിങ് സിങ് വിട്ടുനിന്നതെന്ന  ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പങ്കാളിത്തത്തില്‍ താന്‍ തൃപ്തനാണെന്നും വ്യാഴാഴ്ച്ച നടന്ന പത്രസമ്മേളനത്തില്‍ രജപക്‌സെ അറിയിച്ചു.

എന്നാല്‍ താന്‍ കൊളംബോയില്‍ എത്തിയിരിക്കുന്നത് ഉഭയകക്ഷി ചര്‍ച്ചയ്ക്കല്ലെന്നും ബഹുമുഖ സമ്മേളനത്തിനാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

ശ്രീലങ്കന്‍ കടലില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണം, തമിഴ്ജനതക്കെതിരെയുള്ള വംശീയ അധിക്ഷേപം തുടങ്ങിയ  വിഷയങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കുമെന്നും ഇന്ത്യന്‍വിദേശകാര്യമന്ത്രി പറഞ്ഞു.

ശ്രീലങ്കയില്‍ തമിഴര്‍ നേരിടുന്ന വംശീയ പ്രശ്‌നങ്ങളും പീഡനങ്ങളും കണക്കിലെടുത്ത് പ്രധാനമന്ത്രി കൊളംബോ സന്ദര്‍ശനം ഒഴിവാക്കണമെന്നായിരുന്നു തമിഴ് ജനതയുടെ ആവശ്യം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടാതിരിക്കാനാണ് പ്രധാനമന്ത്രിയുടെ കൊളംബൊ സന്ദര്‍ശനം ഒഴിവാക്കിയതും പകരം വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള സംഘം ചോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതും.

ഡി.എം.കെ യും, എ.ഡി.എം.കെയുമടക്കമുള്ള ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും പ്രധാനമന്ത്രി സമ്മേളനത്തില്‍ നിന്ന വിട്ടുനില്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 15,16 തിയ്യതികളിലായാണ് ചോഗം സമ്മേളനം നടക്കുന്നത്.

Advertisement