ന്യൂദല്‍ഹി: സര്‍ക്കാര്‍ വകുപ്പുകളിലെ രേഖകള്‍ ആവശ്യപ്പെടാന്‍ പൊതുജനങ്ങള്‍ക്കു അവകാശം നല്‍കുന്ന വിവരാവകാശ നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ഏതു നീക്കത്തെയും എതിര്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണ രംഗത്തെ സുതാര്യത ഉറപ്പുവരുത്താനും അതുവഴി അഴിമതി തടയാനും വിവരാവകാശ നിയമം ഒരു ശക്തമായ ആയുധമാണെന്ന് തനിക്കു ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോഴാണ് വിവരാവകാശ നിയമത്തിന്റെ ശക്തി തിരിച്ചറിഞ്ഞു തുടങ്ങിയത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നിയമം ആണിത്. എന്നാല്‍ നിയമത്തെ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. നിയമത്തിലെ ചില ഇരുണ്ട ഭാഗങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ ക്രമാതീതമായി കൂടുന്നത് നല്ല ഉദ്യോഗസ്ഥരെ നിരുല്‌സാഹപ്പെടുത്തും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Subscribe Us:

‘വിവരം ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ആരു വര്‍ഷത്തിനിടെ വര്‍ഷാവര്‍ഷം വലിയ തോതില്‍ വര്‍ധനയുണ്ട്. അത്തരം അപേക്ഷകള്‍ നിരസിക്കുന്നതിന്റെ തോത് കുറയുന്നുണ്ട് എന്നത് സംതൃപ്തി നല്‍കുന്ന ഒന്നാണ്.’ പ്രധാനമന്ത്രി പറഞ്ഞു. വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ ആവശ്യകതയും അത് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞ സമയം ലഭിക്കുന്നതും തമ്മില്‍ ഒരു സന്തുലനം ആവശ്യമാണെന്ന കാര്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.