എഡിറ്റര്‍
എഡിറ്റര്‍
ഡീസല്‍ വിലവര്‍ധന ശരിയായ തീരുമാനമെന്ന് മന്‍മോഹന്‍ സിങ്
എഡിറ്റര്‍
Saturday 15th September 2012 12:12pm

ന്യൂദല്‍ഹി: ഡീസല്‍ വിലവര്‍ധനയെ ന്യായീകരിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രംഗത്തെത്തി. ഡീസല്‍ വിലവര്‍ധന ശരിയായ ദിശയിലുള്ള തീരുമാനമാണെന്നാണ് പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ദല്‍ഹിയില്‍ നടന്ന ആസൂത്രണ കമ്മീഷന്‍ യോഗത്തിലാണ് അദ്ദേഹം ഇങ്ങനെ പരാമര്‍ശം നടത്തിയത്.

Ads By Google

ഊര്‍ജമെന്നത് സമഗ്രമായ വിശകലനം ആവശ്യമുള്ള ഒരു പ്രത്യക മേഖലയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ഊര്‍ജ പ്രതിസ്ധി നേരിടുന്നൊരു രാജ്യം കൂടിയാണിത്. നമുക്ക്‌ വിവിധ ഗ്രൂപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു. അതുകൊണ്ട് നമ്മുക്ക് എണ്ണയുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ട് സ്വയം പര്യാപ്തത നേടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണയുടെ വില ലോകവിപണിയെ ആശ്രയിച്ചാണിരിക്കുന്നത് എന്നാണ് അദ്ദേഹം വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

തൊഴിലില്ലായ്മ പരിഹരിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും വിദേശ നിക്ഷേപം ആവശ്യമാണെന്നും മന്‍മോഹന്‍സിങ് കൂട്ടിച്ചേര്‍ത്തു.

പഞ്ചവത്സര പദ്ധതിയുടെ വളര്‍ച്ചാലക്ഷ്യമായ 8.2 ശതമാനം കൈവരിക്കണമെങ്കില്‍ സ്വകാര്യമേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപം ആവശ്യമാണെന്നും ഉയര്‍ന്ന വളര്‍ച്ചാ നിരക്കിന് ധീരവും സാഹസികവുമായ നടപടിയാണാവാശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ ആരോഗ്യമേഖലകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്‌ഫോടകാത്മകമായ പരിഷ്‌ക്കാരങ്ങളാണ് ഇന്ത്യയ്ക്കാവശ്യമെന്നും പരാജയപ്പെടുകയാണെങ്കില്‍ അത് പൊരുതിത്തന്നെയാകണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വിലവര്‍ധന പിന്‍വലിക്കണമെന്ന് മായാവതി പറഞ്ഞു. വിലവര്‍ധന തെറ്റാണെന്നും അന്യായമാണെന്നും അവര്‍ വ്യക്തമാക്കി. യു.പി.എ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ബി.എസ്.പി പുറത്തുനിന്ന് നല്‍കിയിട്ടുള്ള പിന്തുണ പിന്‍വലിക്കുമെന്നും മായാവതി വ്യക്തമാക്കിയിട്ടുണ്ട്.

ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ അന്ത്യശാസനയുമായാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരിക്കുന്നത്. 72 മണിക്കുറിനുള്ളില്‍ വിലവര്‍ധന പിന്‍വലിക്കണമെന്നാണ് മമത ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കര്‍ കഴിഞ്ഞ ദിവസമാണ് ഡീസലിന് അഞ്ച് രൂപ വര്‍ധിപ്പിച്ചത്. പാചകവാതകം വര്‍ഷത്തില്‍ ആറ് സിലിണ്ടറാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.

Advertisement