ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ന്യൂക്ലിയര്‍ പവ്വര്‍ പ്ലാന്റ് നിര്‍മിക്കുന്നതുള്‍പ്പെടെ ഏഴ് കരാറുകളില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും ഫ്രാന്‍സിന്റെ അവേറയും സംയുക്തമായി രണ്ട് യൂറോപ്യന്‍ റിയാക്ടറുകള്‍ നിര്‍മിക്കാനുള്ള തീരുമാനമായി. ജയ്പൂരിലും മഹാരാഷ്ട്രയിലുമാണ് ന്യൂക്ലിയര്‍ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ സ്‌പെയ്‌സ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനും ഫ്രഞ്ച് റിസേര്‍ച്ച് ഓര്‍ഗനൈസേഷനുമായി ഭൗമശാസ്ത്രം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാര്യങ്ങളില്‍ സഹകരണം ഉറപ്പാക്കും.

സംയുക്ത സിനിമാ നിര്‍മാണം നടപ്പിലാക്കാനുള്ള കരാറും ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം നേടുന്നതിനെ പിന്തുണയ്ക്കുന്നെന്ന് സര്‍ക്കോസി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.