കോട്ടയം: കാലത്തിനനുസരിച്ച് മാറാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വിമര്‍ശനം. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയത്ത് യു.ഡി.എഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം നിക്ഷേപത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. അവസരവാദപരമായ സമീപനമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ലോകത്തിലെ മാറ്റങ്ങള്‍ ഇടതുപക്ഷം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന് വീണ്ടും ഭരിക്കാനുള്ള അവസരം നല്‍കരുത്. വികസനത്തിനുള്ള അവസരം പാഴാക്കരുത്. സംസ്ഥാനത്തെ സര്‍ക്കാര്‍ നിയമനത്തില്‍ അഴിമതി കൊടികുത്തി വാഴുകയാണ്. ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. ഇടതുഭരണം കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.

കേരളത്തിന്റെ വ്യവസായിക വികസനത്തിന് നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ യു.പി.എ സര്‍ക്കാരിന് കഴിഞ്ഞു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനായത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടമാണ്. ബ്രഹ്മോസ് ഏറോസ്‌പേസ് കേരളത്തില്‍ സ്ഥാപിച്ചത് കേന്ദ്രത്തിന്റെ നേട്ടമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പ്രകടമാണ്.

കേരളത്തെ യു.പി.എ സര്‍ക്കാര്‍ അവഗണിച്ചുവെന്ന് എല്‍.ഡി.എഫിന്റെ ആരോപണം കുപ്രാചരണം മാത്രമാണ്. കേരളത്തിന് കേന്ദ്രം റെയില്‍വേ കോച്ച് ഫാക്ടറി സ്ഥാപിച്ചു. തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനായില്ല. നഗരവികസന പദ്ധതി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. കേരളത്തില്‍ പണം മുടക്കാന്‍ സ്വകാര്യനിക്ഷേപകര്‍ മടിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പദ്ധതികളുടെ പ്രയോജനം കേരളത്തിന് ലഭിച്ചില്ലെങ്കില്‍ അതിനു കാരണം ഇടതുഭരണത്തിന്റെ കെടുകാര്യസ്ഥതയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായിക വികസനത്തില്‍ കേരളത്തെ മുന്നോട്ടു നയിക്കുന്ന കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കൊച്ചിയില്‍ പറഞ്ഞു. കേരളത്തിന്റെ കഴിവിനനുസരിച്ചുള്ള സാമ്പത്തിക പുരോഗതി സംസ്ഥാനത്തിനുണ്ടായിട്ടില്ല. യുവാക്കളുടെയും പരിചയസമ്പന്നരുടെയും മുഖമാണ് യു.ഡി.എഫിന്. എന്നാല്‍ എല്‍.ഡി.എഫ് ജയിച്ചാല്‍ 93കാരനാണ് മുഖ്യമന്ത്രിയായി വരാന്‍ പോകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.