എഡിറ്റര്‍
എഡിറ്റര്‍
കോമണ്‍വെല്‍ത്ത് ഉച്ചകോടി: പ്രധാനമന്ത്രി പങ്കെടുക്കില്ല
എഡിറ്റര്‍
Sunday 10th November 2013 4:55am

manmohansing

ന്യൂഡല്‍ഹി: കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല.

പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാവും ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.

തമിഴ് നാട്ടിലെ വിവിധ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം.

ശ്രീലങ്കയില്‍ തമിഴര്‍ നേരിടുന്ന വംശീയ പ്രശ്‌നങ്ങളും പീഡനങ്ങളും കണക്കിലെടുത്ത് പ്രധാനമന്ത്രി കൊളംബോ സന്ദര്‍ശനം ഒഴിവാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഡി.എം.കെയും., എ.ഐ.എ.ഡി.എം.കെയുമടക്കമുള്ള ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും പ്രധാനമന്ത്രി സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

തമിഴ് നാട്ടില്‍ നിന്നുള്ള നേതാതാക്കളും കേന്ദ്രമന്ത്രിമാരുമായ പി.ചിദംബരം , ജയന്തി നടരാജന്‍, ജി.കെ വാസന്‍ എന്നിവരും ഇക്കാര്യത്തിലുള്ള തങ്ങളുടെ വിയോജിപ്പ് അറിയിച്ചിരുന്നു.

കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയും പ്രധാനമന്ത്രി കൊളംബോയിലേക്കു പോകുന്നതിനോടു നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് കോര്‍ കമ്മറ്റി യോഗത്തിലും ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നിരുന്നത്.  ഇതെല്ലാം പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ ലങ്കന്‍ സന്ദര്‍ശനം മാറ്റി വച്ചത്.

സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്ത കാര്യം ലങ്കന്‍ സര്‍ക്കാറിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഞായറാഴ്ച ഇത ്‌സംബന്ധിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയ്ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കത്തയക്കുമെന്നാണു സൂചന.

പ്രധാനമന്ത്രയുടെ തീരുമാനം ആശ്വാസകരമാണെന്ന് ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി വ്യക്തമാക്കി. 15, 16 തീയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്.

Advertisement