റിയാദ്: സാമ്പത്തികരംഗത്ത് സൗദി അറേബ്യയുടെയും ഇന്ത്യയുടെയും വളര്‍ച്ച സമന്വയിപ്പിച്ചുകൊണ്ട് വ്യാപാര വ്യവസായരംഗത്ത് വലിയ നേട്ടങ്ങള്‍ക്കായി ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ സാമ്പത്തികവര്‍ഷം 2500 കോടി ഡോളറായി ഉയര്‍ന്നു. സൗദിയിലെ ഇന്ത്യന്‍ നിക്ഷേപം അഞ്ഞൂറോളം സംയുക്ത സംരംഭങ്ങളിലൂടെ രണ്ടുകോടി ഡോളറായും വര്‍ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗദി ചേംബര്‍ ഓഫ് കൗസിലില്‍ ഇന്ത്യയിലെയും സൗദിയിലെയും വ്യവസായപ്രതിനിധികളുടെ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മാണമേഖല, ഉല്‍പ്പാദനമേഖല, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യം, കാര്‍ഷികം, ഊര്‍ജം, ടെലികമ്യൂണിക്കേഷന്‍, ടുറിസം തുടങ്ങിയ മേഖലയില്‍ നിക്ഷേപത്തിന് സൗദിയിലെ വ്യവസായികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വിദേശനിക്ഷേപങ്ങള്‍ക്കായി ഇന്ത്യയുടെ വാതിലുകള്‍ തുറന്നിട്ടുകഴിഞ്ഞു. സൗദി അറേബ്യയില്‍നിന്നുള്ള വ്യവസായസംരംഭകര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നല്‍കണം. വിവരാധിഷ്ഠിത വ്യവസായത്തില്‍ ഇന്ത്യ മികവ് തെളിയിച്ചിട്ടുണ്ട്. മാനവ വിഭവശേഷിയുടെ വികസനത്തില്‍ ഇന്ത്യയുടെ പരിചയസമ്പത്ത് സൗദിയുമായി പങ്കുവക്കാന്‍ തയ്യാറാണ്. ശാസ്ത്രം, സാങ്കേതികം, ബഹിരാകാശം തുടങ്ങിയ മേഖലയിലും സഹകരണത്തിന് സാധ്യതകളുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ഉയര്‍ത്താനും ശ്രമമുണ്ടാകണം. ഇരട്ടനികുതി തടയുന്ന കരാറും ഉഭയകക്ഷി നിക്ഷേപ സുരക്ഷിതത്വ കരാറും നിക്ഷേപവും വ്യാപാരവും വികസിപ്പിക്കുന്ന തിന്റെ ആദ്യ നടപടിയാണ്. ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള 10 കരാറുകളില്‍ ഇന്ത്യയും സൗദിയും ധാരണയായി. കുറ്റവാളികളുടെ കൈമാറ്റം, സംയുക്ത നിക്ഷേപ നിധി തുടങ്ങിയവയാണിത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഞായറാഴ്ച്ച രാത്രി സൗദി ഭരണാധികാരി അബ്ദുല്ലാ രാജാവുമായി കൂടിക്കാഴ്ച നടത്തി. പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ അല്‍ഖായിദയും താലിബാനും സുരക്ഷിത താവളങ്ങള്‍ തീര്‍ത്തിരിക്കുന്നതില്‍ ഇന്ത്യക്കുള്ള ആശങ്ക അബ്ദുല്ലാ രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. തിങ്കളാഴ്ച രാവിലെ 10ന് സൗദി ജനപ്രതിനിധി സഭയായ ശൂറ കൗസിലിനെ പ്രധാനമന്ത്രി അഭിസംബോധനചെയ്യും. സൗദി പാര്‍ലമെന്റില്‍ സംസാരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്നുച്ചയോടെ മടങ്ങും.