Administrator
Administrator
കൂടംകുളം സമരത്തിന് യു.എസ് സഹായമെന്ന് മന്‍മോഹനും
Administrator
Friday 24th February 2012 10:23am


ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിനെതിരായി തമിഴ്‌നാട്ടില്‍ പ്രദേശവാസികള്‍ നടത്തുന്ന സമരങ്ങള്‍ക്കു വിദേശശക്തികള്‍ സഹായം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മുഖ്യമായും അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളാണു സഹായം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നോര്‍വേ, സ്വീഡന്‍ ഉള്‍പ്പെടെയുള്ള സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങളും സമരത്തിനു ധനസഹായം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ പ്രമുഖ ശാസ്ത്ര മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മന്‍മോഹന്‍ സിംഗിന്റെ അഭിപ്രായപ്രകടനം.

‘ വരുംകാലങ്ങളില്‍ നമ്മുടെ കാര്‍ഷിക മേഖലയില്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ ജനിത എഞ്ചിനിയറിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടിവരും. യു.എസ് സ്‌കാന്റനേവിയന്‍ രാഷ്ട്രങ്ങളുടെ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ രാജ്യത്തിന്റെ വികസനത്തെ എതിര്‍ക്കുന്നതാണ് നമ്മള്‍ നേരിടുന്ന പ്രധാന വെല്ലുവിളി’ പ്രധാനമന്ത്രി പറഞ്ഞു.

Ads By Google

കൂടംകുളം പ്ലാന്റിന്റെ കാര്യം പരാമര്‍ശിച്ചുകൊണ്ട് മന്‍മോഹന്‍ സിംഗ് ഇങ്ങനെ പറഞ്ഞു- ‘ എന്‍.ജി.ഒകള്‍ കാരണം ആണവോര്‍ജ്ജ പദ്ധതികള്‍ താറുമാറായിരിക്കുകയാണ്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യങ്ങളെ ശ്രദ്ധിക്കുന്നേയില്ല.’

ഫുക്കുഷിമ ആണവ ദുരന്തം ഉണ്ടായ സാഹചര്യത്തില്‍ ആണവ നിലയങ്ങള്‍ ഇന്ത്യയില്‍ ആവശ്യമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യയെന്ന രാജ്യത്തെ പരിഗണിക്കുമ്പോള്‍ കാര്യബോധമുള്ള ജനങ്ങള്‍ ആണവനിലയങ്ങളെ പിന്തുണക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വര്‍ധിച്ചു വരുന്ന ഊര്‍ജ ആവശ്യങ്ങള്‍ മനസിലാക്കാതെയാണ് ഇത്തരം സമരങ്ങളെന്നും അതു രാജ്യത്തിന്റെ വികസനത്തിനു തുരങ്കം വയ്ക്കുന്നതാണെന്നും പ്രധാനമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം ആഗസ്റ്റ് മുതല്‍ ആംരഭിക്കാനാവുമെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ‘ അഞ്ചോ ആറോ ആഴ്ചകള്‍ക്കുള്ളില്‍ നിലയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാവും’ എന്‍.പി.സി.ഐ.എല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദല്‍ഹിയില്‍ അറിയിച്ചു. കാര്യങ്ങള്‍ സാധാരണനിലയിലായി നാല് മാസമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ 1000 മെഗാവാട്ട് യൂണിറ്റ് വൈദ്യുതി ഉല്പാദനം കമ്മീഷന്‍ ചെയ്യാനാവൂയെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, കൂടംകുളം നിലയവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കകള്‍ പരിശോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഫസര്‍ എസ്.ഇനിയന്റെ നേതൃത്വത്തിലുള്ള സംഘത്തെ രൂപീകരിച്ചത് കെ.എന്‍.പി.പിയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടംകുളത്തെ ജനങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ എന്‍.പി.സി.ഐ.എല്‍ ബോധവല്‍ക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ ജിങ്കിളുകളും, എഫ്.എം റേഡിയോ വഴിയും ടെലിവിഷന്‍ വഴിയുമുള്ള ബോധവത്കരണവും ഇവര്‍ പരീക്ഷിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് 13, 000 കോടി മുടക്കു മുതലുള്ള കൂടകുളം ആണവനിലയം സ്ഥിതി ചെയ്യുന്നത്. റഷ്യ, ഇന്ത്യ സംയുക്ത സഹകരണത്തോടെയുള്ള പദ്ധതി നിര്‍ത്തി വയ്ക്കമെന്നു തമിഴ്‌നാട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതുമായി മുന്നോട്ടു പോകുകയായിരുന്നു. കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട സുരക്ഷ പരിശോധിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Malayalam News

Kerala News In English

Advertisement