ന്യൂദല്‍ഹി: പാകിസ്ഥാനുമായി ഇനി പഴയപോലെയുള്ള ബന്ധം തുടരാനാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും രണ്ട് ഇന്ത്യന്‍ സൈനികരെ പാക് പട്ടാളക്കാര്‍ അതിക്രൂരമായി വധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Ads By Google

അതേസമയം ജമ്മുകശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തി. മെജ്ഹാര്‍ സെക്ടറിലാണ് ലഘു ആയുധങ്ങള്‍ ഉപയോഗിച്ച് ഇന്നലെ വൈകീട്ട് പാക് സേന വെടിവെച്ചതെന്ന് ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ സൈനികരെ കിരാതമായി കൊലപ്പെടുത്തിയതിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുശേഷമാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്.

പാക്കിസ്ഥാന്റെ ഈ നടപടി ഒരിക്കലും വകവെച്ചുകൊടുക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സൈനികരോട് കാണിച്ച ക്രൂരത അംഗീകരിക്കാനാവില്ല. അത് ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

പാകിസ്ഥാന്‍ ഇക്കാര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാറിന്റെ നിലപാട് പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും കരസേനാമേധാവിയും വിശദമായി അറിയിച്ചിട്ടുണ്ടെന്നും മന്‍മോഹന്‍ പറഞ്ഞു.

രാഷ്ട്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാറാണെന്ന് കരസേനാ മേധാവി ജനറല്‍ വിക്രം സിങ്ങും വ്യക്തമാക്കി.

ഇതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷം കണക്കിലെടുത്ത് പാകിസ്താനിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പ്രത്യേകവിസപദ്ധതി ഇന്ത്യ നീട്ടി വെച്ചു. വിവിധ ഏജന്‍സികളുടെ എതിര്‍പ്പ് പരിഗണിച്ചാണ് ചൊവ്വാഴ്ച വാഗഅട്ടാരി അതിര്‍ത്തിയില്‍ തുടങ്ങാനിരുന്ന വിസ പദ്ധതി നീട്ടിവെച്ചതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ അതിര്‍ത്തിയിലെ സംഭവങ്ങളാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം പാകിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ഹോക്കി ലീഗില്‍ കളിക്കാനെത്തിയ താരങ്ങള്‍ക്കെതിരെ മുംബൈയില്‍ പ്രതിഷേധമുയര്‍ന്നതോടെ ഇവിടെയെത്തിയ ഒന്‍പത് പേരെയും മടക്കി അയയ്ക്കാന്‍ ‘ഹോക്കി ഇന്ത്യ’ തീരുമാനിച്ചു.

പാക് സൈന്യത്തിന്റെ ക്രൂരതയില്‍ ഇന്ത്യയുടെ പ്രതിഷേധം ഇരു രാജ്യങ്ങളിലേയും ബ്രിഗേഡിയര്‍ തലത്തില്‍ നടന്ന ഫ്‌ളാഗ്‌ മീറ്റിങ്ങില്‍ അറിയിച്ചിരുന്നു. ഈ യോഗം തൃപ്തികരമായില്ലെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇന്ത്യ ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.